മുല്ലപ്പെരിയാറിൽ നിന്ന് കൃഷി ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി
മുല്ലപ്പെരിയാറിൽ നിന്ന് കാർഷിക ആവശ്യങ്ങൾക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. 120 ദിവസത്തേക്ക് സെക്കൻഡിൽ 300 ഘനയടി വെള്ളമാണ് കൊണ്ടു പോകുന്നത്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും, കർഷക കൂട്ടായ്മകളും ചേർന്ന് പ്രത്യേക പൂജകൾക്ക് ശേഷമാണ് തേക്കടി കനാലിലെ ഷട്ടർ തുറന്നത്.
തമിഴ്നാട്ടിലെ 5 ജില്ലകളിലെ കൃഷി ആവശ്യത്തിനാണ് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിക്കുന്നത്. തുടർച്ചയായി നാലാം വർഷവും ജൂൺ ഒന്നിന് തന്നെ കാർഷിക ആവശ്യത്തിന് മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടു പോകുന്നു. 120 ദിവസത്തേയ്ക്ക് സെക്കൻഡിൽ 300 ഘനയടിയിൽ 100 ഘനയടി വെള്ളം കുടിവെള്ളത്തിനും, 200 ഘനയടി വെള്ളം കാർഷിക ആവശ്യത്തിനും ഉപയോഗിക്കും. നിലവിൽ തേനി ജില്ലയിലെ പതിനാലായിരത്തി എഴുനൂറ്റി ഏഴ് ഹെക്ടർ സ്ഥലത്തെ ഒന്നാംഘട്ട നെൽ കൃഷിക്കാണ് ഈ വെള്ളം ഉപയോഗിക്കുക. ഒന്നാം തീയതി മുതൽ തന്നെ വെള്ളം ലഭ്യമായതോടെ തേനി ജില്ലയിലെ കർഷകരും സന്തോഷത്തിലാണ്.
അതേ സമയം വരും ദിവസങ്ങളിൽ അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി ജലനിരപ്പ് ഉയർന്നാൽ കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടു പോകും. നിലവിൽ 119 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.