ലോകം കണ്ട എക്കാലത്തേയും മാസ് ലീഡറാണ് ജവഹര്‍ലാല്‍ നെഹ്റു’: വി ടി ബൽറാം
ലോകം കണ്ട എക്കാലത്തേയും വലിയ മാസ് ലീഡറാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം. നെഹ്രുവിന്റെ അറുപതാം ചരമവാര്‍ഷികദിനത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെപ്പറ്റി എഴുതിയത്. തന്റെ കാലഘട്ടത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം.
റൂസ്വെൽറ്റിനോ ചർച്ചിലിനോ സ്റ്റാലിനോ മാവോയ്ക്കോ സ്വപ്നം കാണാൻ കഴിയുന്നതിലപ്പുറം ലോകത്തെ എല്ലാ വൻകരകളിലുമുള്ള സാധാരണ മനുഷ്യർ അത്ഭുതത്തോടെയും ആരാധനയോടെയും അദ്ദേഹത്തെ ഉറ്റുനോക്കി. ഇന്ത്യക്കകത്തും രാജ്യത്തെ വിവിധ പ്രദേശങ്ങളേയും ജനങ്ങളേയും സാംസ്കാരിക വൈവിധ്യങ്ങളേയുമൊക്കെ കൂട്ടിയിണക്കുന്ന ആശയ പ്രവാഹമായി അദ്ദേഹം മാറി.
തെരഞ്ഞെടുപ്പ് വേദികളിലാണെങ്കിലും താൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും മുഴുവൻ ഇന്ത്യക്കാരുടേയും പ്രതിനിധിയാണെന്നും അദ്ദേഹത്തിന് ഒരിക്കലും മറക്കാൻ കഴിയുമായിരുന്നില്ലെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.