കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം; പത്തിലധികം പേർക്ക് പരുക്ക്
കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പത്തിലധികം പേർക്ക് പരുക്ക്. കൊടുവള്ളി മദ്രസ ബസാർ വളവിൽ ഇന്ന് രാവിലെ 7.15 നായിരുന്നു അപകടം.
ബെംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്ലീപ്പർ ബെർത്തിന്റെയും കെട്ടിടത്തിന്റെ സ്ലാബിന്റെയും ഇടയിൽ കുടുങ്ങിയ യാത്രക്കാരനെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്ത് എത്തിച്ചത്. ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിന്ന രണ്ടു പേർക്കും റോഡിന്റെ ഇടതു വശം നിന്ന ബൈക്ക് യാത്രികനും ബസിലുണ്ടായിരുന്ന എട്ടോളം ആളുകൾക്കും ആണ് പരുക്കേറ്റത്. രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൊലീസും ഫയർ ഫോഴ്‌സും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇതേ സ്ഥലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറിയിരുന്നു.