കേരളത്തിൽ മഴയാണെങ്കിൽ ഉത്തരേന്ത്യയിൽ കൊടും ചൂട്; രാജസ്ഥാനിൽ ഉഷ്ണതരംഗത്തിൽ മരിച്ചത് 9 പേർ
കേരളത്തിൽ മഴയാണെങ്കിൽ ഉത്തരേന്ത്യയിൽ കൊടും ചൂടാണ്. ഉഷ്ണതരംഗത്തിൽ ഇന്നലെ രാജസ്ഥാനിൽ ഒൻപത് പേരാണ് മരിച്ചത്. നാല് വീതം പേർ ബലോത്ര, ജലോർ ജില്ലകളിലും ഒരാൾ ജയ്സാൽമീറിലും ആണ് മരിച്ചത്. പടിഞ്ഞാറൻ രാജസ്ഥാനിലെ പല ഇടങ്ങളിലും താപനില 49 ഡിഗ്രി വരെ ഉയർന്നു.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഇന്നലെ അനുഭവപ്പെട്ട ഉയർന്ന താപനില 45 ഡിഗ്രിയ്ക്ക് മുകളിലാണ്.
ഉഷ്ണതരംഗം വരുന്ന 5 ദിവസമെങ്കിലും ഇതേ കാഠിന്യത്തിൽ തുടരുമെന്ന് കാലവസ്ഥ നിരിക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാൻ,പഞ്ചാബ് ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് തുടരുകയാണ്.
നാളെ നടക്കുന്ന വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉഷ്ണതരംഗ ബാധിത റേഡ് സോൺ മേഖലകളിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും ബൂത്തുകൾക്ക് മുന്നിൽ കാത്തിരിപ്പ് സൗകര്യങ്ങളും ഒരുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.