Kerala

‘ബാറുടമകളില്‍ നിന്ന് 25 കോടി രൂപ വാങ്ങി വമ്പൻ അഴിമതി’; മന്ത്രി എം ബി രാജേഷ് രാജിവയ്ക്കണമെന്ന് സുധാകരൻ

Spread the love

തിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് 25 കോടി രൂപയുടെ വമ്പന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യംനയം നടപ്പിലാക്കുന്നതെന്നും എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഉടനടി രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സംസ്ഥാനത്തെ 900 ബാറുകളില്‍നിന്ന് 2.5ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേള്‍ക്കുന്നു.

കുടിശികയാണ് ഇപ്പോള്‍ പിരിക്കുന്നത്. ഐടി പാര്‍ക്കുകളില്‍ മദ്യം വിൽക്കുക, ബാര്‍ സമയപരിധി കൂട്ടുക, ഡ്രൈഡേ പിന്‍വലിക്കുക തുടങ്ങി ബാറുടമകള്‍ക്ക് ശതകോടികള്‍ ലാഭം കിട്ടുന്ന നടപടികള്‍ക്കാണ് നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ മദ്യനയം കേരളത്തെ മദ്യത്തില്‍ മുക്കും. ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യന്ന യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഭയാനകമായ തീരുമാനമാണിത്.

അവരുടെ ജീവിതവും ജീവനുമാണ് പിണറായി വിജയന്‍ നശിപ്പിക്കുന്നത്. കേരളത്തെ മദ്യവും മയക്കുമരുന്നും വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഒരു ദിവസമെങ്കിലും മദ്യമില്ലാത്ത ദിവസം എന്ന ആശയമാണ് മാസാദ്യത്തെ ഡ്രൈഡേയുടെ പിന്നില്‍. കേരളത്തെ മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. അതെല്ലാം കോഴയ്ക്കുവേണ്ടി പിണറായി വെള്ളത്തില്‍ മുക്കി.

ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരെ ഇടതുപക്ഷത്തിന്റെ വലിയ പ്രക്ഷോഭം ഉണ്ടായത്. ധനമന്ത്രി കെ എം മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നു. ഇപ്പോഴത്തേത് 25 കോടിയുടെ ഇടപാടാണ്. എക്‌സൈസ് മന്ത്രിയുടെ രാജി ഉടനടി ഉണ്ടാകണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.