Kerala

കുറ്റക്കാര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ ശുപാര്‍ശ; തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി

Spread the love

തൃപ്പൂണിത്തുറ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് അഗ്നിശമനാ സേനാ റിപ്പോര്‍ട്ട് കൈമാറി. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം കുറ്റക്കാര്‍ക്ക് എതിരെ നടപടി കര്‍ശനമാക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്. വെടിമരുന്ന് സൂക്ഷിക്കാന്‍ അനുമതി ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌ഫോടനത്തില്‍ നാശനഷ്ടം സംബന്ധിച്ച് കണക്കെടുപ്പ് പുരോഗമിക്കുകയാണ്. നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് പറഞ്ഞു. ആറ് പേരടങ്ങിയ മെഡിക്കല്‍ ടീം സജ്ജമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഏറ്റെടുത്തിട്ടുമുണ്ട്.

സ്‌ഫോടനത്തില്‍ നഷ്ടപരിഹാരത്തിനായി ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത് 125ലധികം ആളുകളാണ്. എന്‍ജിനിയറിങ്ങ് വിഭാഗത്തിന്റെ പരിശോധന ഇന്ന് തുടരുകയാണ്. ഇന്ന് വൈകിട്ടോടെ റിപ്പോര്‍ട്ട് തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിക്ക് കൈമാറും. ഇന്നലെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇന്ന് വില്ലേജ് ഓഫിസില്‍ എത്തി പേര് വിവരങ്ങള്‍ നല്‍കാം.

നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും വൈദ്യുതിയില്ല. വീടുകളില്‍ അവശിഷ്ടങ്ങള്‍ ഇപ്പോഴും പൊളിഞ്ഞു വീഴുന്നു. എട്ട് വീടുകള്‍ പുര്‍ണമായും തകര്‍ന്നു. 150 ഓളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വെള്ളവും വൈദ്യുതിയും ഇല്ലാതെ പ്രദേശവാസികള്‍ ദുരിതത്തിലാണെന്ന് കൗണ്‍സിലര്‍ സുധാ സുരേഷ് പറഞ്ഞു.