നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തേതുപോലെ ഒരു തരംഗം ഡല്‍ഹിയിലുണ്ട്, എന്റെ അറസ്റ്റ് ബിജെപിയ്ക്ക് വലിയ തിരിച്ചടിയായി: അരവിന്ദ് കെജ്‌രിവാള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ഇന്ത്യ സഖ്യം വിജയിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തേതുപോലെ ഒരു തരംഗം ഡല്‍ഹിയിലാകെ ദൃശ്യമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം തന്നെ അറസ്റ്റ് ചെയ്തത് ബിജെപിക്ക് വലിയ തിരിച്ചടിയായെന്ന് കെജ്രിവാള്‍ വിലയിരുത്തി. തന്റെ അറസ്റ്റോടെ ആം ആദ്മി പാര്‍ട്ടി കൂടുതല്‍ ഐക്യപ്പെട്ടു. പൊതുജനങ്ങള്‍ വളരെയധികം രോഷാകുലരായെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടുതല്‍ ആവേശത്തോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നും കെജ്രിവാള്‍ പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് കേസ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയാണെന്നും അഴിമതിക്കാരെയെല്ലാം മോദി കൂടക്കൂട്ടുകയാണെന്നും കെജ്രിവാള്‍ വിമര്‍ശിച്ചു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യം നേടി പുറത്തുവന്നശേഷം ആദ്യമായി നല്‍കിയ ദീര്‍ഘമായ അഭിമുഖത്തിലാണ് കെജ്രിവാള്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
ഭാര്യ സുനിതാ കെജ്രിവാളിന്റെ രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. സുനിത സജീവരാഷ്ട്രീയത്തിലേക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ സുനിത തനിക്കും ഡല്‍ഹിയിലെ ജനങ്ങള്‍ക്കുമിടയില്‍ ഒരു പാലം പോലെ പ്രവര്‍ത്തിച്ചു. എന്റെ ജീവിതത്തിലുടനീളം എല്ലാ ഘട്ടങ്ങളിലും സുനിത എന്നെ പിന്തുണച്ചിട്ടുണ്ട്. സുനിതയെ പോലൊരു പങ്കാളിയെക്കിട്ടിയതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്.എന്നെപ്പോലൊരാളെ സഹിക്കുക എന്ന് പറഞ്ഞാല്‍ തന്നെ വലിയ കാര്യമാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. കെജ്രിവാള്‍ ജയിലിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ വായിച്ചും പ്രവര്‍ത്തകരോട് സംസാരിച്ചും സുനിത പൊതുവേദികളില്‍ സജീവമായിരുന്നു.
്ആം ആദ്മി എം പി സ്വാതി മാലിവാളിനെ കെജ്രിവാളിന്റെ പി എ ആക്രമിച്ച കേസിനെ സംബന്ധിച്ചും കെജ്രിവാള്‍ പ്രതികരിച്ചു. സ്വാതി മാലിവാള്‍ കേസിന് രണ്ട് വശങ്ങളുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. പൊലീസ് രണ്ട് വശങ്ങളിലേയും നീതി അന്വേഷിച്ച് തീരുമാനങ്ങളെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.