‘സർവകലാശാലയെ കാവിവത്കരിക്കാൻ ശ്രമിക്കുന്നു; സർക്കാർ നിലപാടുകൾക്കെതിരെ ഗവർണർ പ്രവർത്തിക്കുന്നു’; മന്ത്രി ആർ ബിന്ദു
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയെ വളർത്തിയെടുക്കാതെ വിരുദ്ധമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. സർക്കാർ നിലപാടുകൾക്കെതിരെയാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സർവകലാശാലയെ കാവിവത്കരിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണറുടെ നാമനിർദേശം ഹൈക്കോടതി റദ്ദ് ചെയ്തതിന് പിന്നാലെയാണ് വിമർശനം. സെനറ്റിലേക്കുള്ള നാല് അംഗങ്ങളുടെ ഗവർണറുടെ നാമനിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. ആറാഴചയ്ക്കകം പുതിയ നാമനിർദേശം നൽകണമെന്ന് ഹൈക്കോടതി നിർദേശം. ഹ്യുമാനിറ്റീസ്, ഫൈൻആർട്സ്, സയൻസ്, സ്പോർട്സ് വിഭാഗങ്ങളിലെ വിദ്യാർഥികളെയാണ് ഗവർണർ നാമനിർദേശം ചെയ്തത്.
ഗവർണർ നാമനിർദേശം ചെയ്തവർ എബിവിപി പ്രവർത്തകരാണെന്നായിരുന്നു ആരോപണം. തുടർന്ന് സർവകലാശാലാ റജിസ്ട്രാർ സെനറ്റിലേക്ക് നൽകിയ പട്ടികയിലുണ്ടായിരുന്ന വിദ്യാർഥികൾ ഹൈക്കോടതിയിൽ പരാതി നൽകുകയായിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഗവർണറുടെ നാമനിർദേശം റദ്ദാക്കിയത്. ഗവർണർ സ്വന്തം നിലയിൽ നാമനിർദേശം ചെയ്തതിനെതിരെയാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം സെനറ്റിലേക്കുള്ള സർക്കാരിന്റെ മൂന്ന് നാമനിർദേശം ഹൈക്കോടതി ശരിവെച്ചു.