ബിജെപിക്ക് ഇപ്പോള്‍ ആര്‍എസ്എസ് സഹായം ആവശ്യമില്ല; ഒറ്റക്ക് പ്രവര്‍ത്തിക്കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ട്; ജെ പി നദ്ദ
ആര്‍എസ്എസ് സഹായം ആവശ്യമുണ്ടായിരുന്ന കാലത്ത് നിന്നും ബിജെപി വളര്‍ന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ഒറ്റക്ക് പ്രവര്‍ത്തിക്കാനുള്ള ശേഷി ഇന്ന് പാര്‍ട്ടിക്ക് ഉണ്ട്. ആര്‍എസ്എസ് സാമൂഹ്യ സാംസ്‌കാരിക സംഘടന ആണെന്നും ബിജെപി രാഷ്ട്രീയ പാര്‍ട്ടി ആണെന്നും നദ്ദ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആര്‍എസ്എസ് എന്നത് ഒരു പ്രത്യയ ശാസ്ത്ര സംഘടനാണ്. ആ നിലയില്‍ നിന്ന് സഹായം ആവശ്യമുണ്ടായിരുന്ന കാലത്ത് നിന്നും ബിജെപി വളര്‍ന്നു. പാര്‍ട്ടിയുടെ ഘടന കൂടുതല്‍ ശക്തമായിരിക്കുകയാണ്. ബിജെപിയുടെ കടമകള്‍ പാര്‍ട്ടി ഒറ്റയ്ക്കാണ് ചെയ്യുന്നത്. അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്തെ അപേക്ഷിച്ച് പാര്‍ട്ടിക്കുള്ളിലെ ആര്‍എസ്എസിന്റെ സാന്നിധ്യം മാറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നദ്ദയുടെ പ്രതികരണം.
ബിജെപിക്ക് ആര്‍എസ്എസിന്റെ പിന്തുണ ഇപ്പോള്‍ ആവശ്യമില്ല. ബിജെപി നേതാക്കള്‍ അവരുടെ കടമകളും ചുമതലകളും നിര്‍വഹിക്കുന്നുണ്ട്. ആര്‍എസ്എസ് ഒരു സാംസ്‌കാരിക സാമൂഹിക സംഘടനയാണെന്നും ബിജെപി ഒരു രാഷ്ട്രീയ സംഘടനയാണെന്നും ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.