‘7-8 തവണ മുഖത്തടിച്ചു, ആർത്തവമുണ്ടെന്ന് പറഞ്ഞിട്ടും വയറിൽ ചവിട്ടി’; സ്വാതി മലിവാളിന് നേരെയുണ്ടായ അതിക്രമത്തിൽ കേസെടുത്ത് പൊലീസ്; വിഭവ് കുമാറിന് നോട്ടിസ് നൽകി
ആംആദ്മി എംപി സ്വാതി മലിവാളിന് നേരെ ഉണ്ടായ അതിക്രമത്തിൽ വിഭവ് കുമാറിന് ചോദ്യം ചെയ്യലിന് നോട്ടിസ് നൽകി ഡൽഹി പൊലീസ്. മുഖ്യമന്ത്രിയുടെ വസതിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ആവിശ്യപ്പെട്ടിട്ടുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിൽ ആംആദ്മിയെ വെട്ടിലാക്കിയിരിക്കുകയാണ് സ്വന്തം പാർട്ടിയിലെ എംപിക്ക് നേരെ ഉണ്ടായ അതിക്രമം. ഇന്നലെ ആറ് മണിക്കാണ് സ്വാതി മലിവാൾ അരവിന്ദ് കേജ്രിവാളിന്റെ സിവിൽ ലൈനിലെ ഫ്‌ളാഗ് സ്റ്റാഫ് റോഡിലുള്ള വീട്ടിൽ എത്തിയത്. കെജ്രിവാളിനെ കാണാനായി എത്തിയ സ്വാതി ഇക്കാര്യം സ്റ്റാഫ് അംഗങ്ങളെ അറിയിക്കുകയും സ്വാതി സ്വീകരണമുറിയിൽ കെജ്രിവാളിനായി കാത്ത് നിൽക്കുകയും ചെയ്തു. ഈ സമയം മുറിയിലേക്ക് പാഞ്ഞെത്തിയ വിഭവ് കുമാർ പ്രകോപനമൊന്നുമില്ലാതെ സ്വാതിയെ അധിക്ഷേപിച്ചുവെന്നും മുഖത്ത് 7-8 തവണ തല്ലിയെന്നും വയറിലും കാലിലുമെല്ലാം ചവിട്ടിയെന്നുമാണ് സ്വാതി പൊലീസിന് നൽകിയ മൊഴി. സ്ത്രീയെ അപമാനിക്കാൻ ശ്രമിക്കുക, അതിക്രമം, എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, സ്വാതി മലിവാൾ നേരിട്ട അതിക്രമത്തിൽ കേജ്രിവാൾ മൗനം പാലിക്കുകയാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും നിർമല സീതാരാമൻ ആരോപിച്ചു. വിഷയത്തിൽ അരവിന്ദ് കെജ്രിവാളിനെതിരെ മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. രാജി ആവിശ്യപ്പെട്ടാണ് ഡൽഹിയിലെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തിയത്.
സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ വനിതാ കമ്മീഷന്റെ നോട്ടീസ് കൈപ്പറ്റാൻ വിഭവ് കുമാറിന്റെ ഭാര്യ വിസമ്മതിച്ചതായി ദേശീയ വനിത കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ പറഞ്ഞു.