ഞാന്‍ ഞെട്ടിപ്പോയി, കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ എന്ന് ഞാന്‍ ഉദ്ദേശിച്ചത് മുസ്ലിങ്ങളെ കുറിച്ചാണെന്ന് ആര് പറഞ്ഞു?’, പ്രധാനമന്ത്രി മോദി ടി വി അഭിമുഖത്തില്‍
പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ വര്‍ഗീയത പറഞ്ഞെന്ന വിമര്‍ശനങ്ങള്‍ക്കിടെ ആരോപണങ്ങളെ പൂര്‍ണമായും ടെലിവിഷന്‍ അഭിമുഖത്തിലൂടെ നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതല്‍ കുട്ടികള്‍ ഉള്ളവരെന്നും താന്‍ പ്രസംഗങ്ങളില്‍ പറഞ്ഞത് മുസ്ലീങ്ങളെക്കുറിച്ചാണെന്ന് ആരുപറഞ്ഞെന്നാണ് മോദി ചോദിക്കുന്നത്. തന്റെ പ്രസ്താവന മുസ്ലീങ്ങളെക്കുറിച്ചാണെന്ന വ്യാഖ്യാനം കേട്ട് താന്‍ ഞെട്ടിപ്പോയെന്ന് ന്യൂസ്18 അവതാരകനോട് മോദി പറഞ്ഞു. ചോദ്യം കേട്ട് വികാരവിക്ഷോഭങ്ങളോടെ മോദി എന്തിനാണ് മുസ്ലീങ്ങളോട് നിങ്ങളീ അനീതി കാട്ടുന്നതെന്നും ചോദിച്ചു.
ദരിദ്രകുടുംബങ്ങളില്‍ കൂടുതല്‍ കുട്ടികളുണ്ടാകുമെന്നും പാവപ്പെട്ടവര്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ സാധിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നതെന്നും മോദി പറയുന്നു. ഇക്കാര്യത്തില്‍ സമുദായമോ മതമോ ബാധകമല്ലെന്നും അഭിമുഖത്തില്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ഹിന്ദുവെന്നോ മുസ്ലീമെന്നോ പറഞ്ഞിട്ടില്ല. നിങ്ങള്‍ക്ക് നോക്കാന്‍ കഴിയുന്ന കുട്ടികള്‍ക്ക് മാത്രമേ ജന്മം കൊടുക്കാവൂ. കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരുന്ന ഒരു ഘട്ടത്തിലേക്ക് കാര്യങ്ങളെ എത്തിക്കരുത് എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ’. മോദി പറയുന്നു. ഹിന്ദു-മുസ്ലീം വേര്‍തിരിവ് പറയുന്ന ഘട്ടത്തില്‍ പൊതുജീവിതത്തില്‍ തുടരാന്‍ എനിക്ക് യോഗ്യതയില്ലാതാകുന്നു. ഞാന്‍ അങ്ങനെ ചെയ്യില്ല. അതാണെന്റെ പ്രതിബദ്ധതയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.