Kerala

‘മലപ്പുറത്തെ സീറ്റിന്റെ കുറവ് വ്യത്യാസമായി തോന്നുന്നത് മന്ത്രിക്ക് വലിയ അക്കങ്ങൾ പറയാൻ അറിയാത്തതുകൊണ്ട്’: സത്താർ പന്തല്ലൂർ

Spread the love

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. വലിയ അക്കങ്ങൾ പറയാൻ മന്ത്രിക്ക് അറിയാത്തതുകൊണ്ടാണ് മലപ്പുറത്തെ സീറ്റിന്റെ കുറവ് ചെറിയ വ്യത്യാസമായി തോന്നുന്നതെന്ന് സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.

വായടപ്പിക്കാനല്ല, കലാലയത്തിന്‍റെ വാതിൽ തുറക്കാനാണ് തയ്യാറാവേണ്ടത്. പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിന് സൗകര്യം വേണം. അത് അവകാശമാണെന്നും സത്താർ പന്തല്ലൂർ കുറിച്ചു. മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് കണക്ക് വിശദീകരിച്ചാണ് സത്താർ പന്തല്ലൂരിന്‍റെ പോസ്റ്റ്.

മലബാറിൽ ഉപരിപഠന അവസരത്തിന് വേണ്ടി വീണ്ടും മുറവിളി ആരംഭിച്ചു കഴിഞ്ഞു. ഇതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശം മലപ്പുറം എന്ന് പറഞ്ഞു വികാരമുണ്ടാക്കരുതെന്നാണ്.

എങ്കിൽ വിവേകത്തോടെ ഒരു കാര്യം ചോദിക്കട്ടെ,
മലപ്പുറം ജില്ലയിൽ 85 സർക്കാർ ഹയർ സെക്കന്ററി സ്കൂളുകൾ, 88 എയ്ഡഡ് ഹയർസെക്കന്ററി സ്കൂളുകൾ. രണ്ടിലും കുടി 839 ബാച്ചുകൾ.
ഒരു ബാച്ചിൽ 50 വിദ്യാർഥികളാണ് ഉണ്ടാവേണ്ടത്. അതനുസരിച്ച് 41950 പ്ലസ് വൺ സീറ്റുകൾ ഉണ്ട്. ഈ വർഷം പത്താം ക്ലാസ് ജയിച്ചവരുടെ എണ്ണം 79730. (CBSE, ICSE പരീക്ഷാ ഫലം വരുമ്പോൾ ഇതിനിയും വർധിക്കും). വളരെ നിർവ്വികാരമായി കണക്കു കൂട്ടിയാൽ കിട്ടുന്ന ഉത്തരം 37780 പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ടെന്നാണ്.

മലപ്പുറം ജില്ലയിൽ വി എച്ച് എസ് ഇ സീറ്റുകൾ 2790, ഐ.ടി.ഐ 1124, പോളിടെക്നിക് 1360, പ്ലസ് വൺ ഒഴികെ പൊതുമേഖലയിൽ 5274 സീറ്റ്. വീണ്ടും ഒട്ടും വികാരം കൊള്ളാതെ നോക്കുമ്പോൾ 32506 സീറ്റുകളുടെ കുറവ്.
ഇതിന് പരിഹാരമായി ഏതാനും വർഷങ്ങളായി സർക്കാർ 20 ഉം 30 ഉം ശതമാനം സീറ്റ് വർധിപ്പിക്കും, താൽക്കാലിക ബാച്ചുകളും. ലബ്ബാ കമ്മീഷൻ നിർദ്ദേശവും ഹൈക്കോടതി നിരീക്ഷണവുമെല്ലാം ഈ ക്ലാസ്സ് കുത്തിനിറക്കുന്ന അശാസ്ത്രിയ നടപടിക്ക് എതിരാണ്. പക്ഷെ വർഷക്കളായി സർക്കാർ ഇത് തന്നെ തുടർന്നാൽ മലപ്പുറം ജില്ലക്കാർ മൗനം പാലിക്കണമോ ? കഴിഞ്ഞ 15 വർഷമായി ശരാശരി കാൽ ലക്ഷം കുട്ടികൾ ജില്ലയിൽ ഉപരിപഠന സൗകര്യമില്ലാതെ പൊറുതിമുട്ടുമ്പോൾ ഇതുവരെ ശാശ്വത പരിഹാരമില്ല. ഫീസ് കൊടുത്തു അൺ എയ്ഡഡ് സ്കുളുകളിൽ പഠിക്കാൻ എല്ലാവർക്കും കഴിയില്ലല്ലൊ. ഓപ്പൺ സ്കൂളിൻ്റെ നിലവാരം ഇപ്പോൾ തത്ക്കാലം വിശദീകരിക്കുന്നില്ല.

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാൽ വൈകാരികത. കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാൽ വർഗീയത. വലിയ അക്കങ്ങൾ പറയാൻ മന്ത്രിക്ക് അറിയില്ല. അതുകൊണ്ടാണല്ലൊ മലപ്പുറത്തെ സീറ്റിൻ്റെ കുറവ് ചെറിയ വ്യത്യാസമായി തോന്നുന്നത്. അതു കൊണ്ട് അങ്ങോട്ട് കണക്ക് പറഞ്ഞിട്ട് കാര്യവുമില്ല. ഈ നിസ്സഹായതയിൽ നിന്നുയരുന്ന ഒരു വികാരമുണ്ടല്ലൊ. അത് അടക്കി നിർത്താൻ തൽക്കാലം നിങ്ങൾക്കാവില്ല. വായടപ്പിക്കാനല്ല, കലാലയത്തിൻ്റെ വാതിൽ തുറക്കാനാണ് താങ്കൾ തയ്യാറാവേണ്ടത്. പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിന് സൗകര്യം വേണം. ഔദാര്യമല്ല, അവകാശം…!