National

ഹരിയാനയിലെ രാഷ്ട്രീയ പ്രതിസന്ധി; രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാൻ നീക്കം നടത്തി കോൺഗ്രസ് നേതാക്കൾ

Spread the love

ഹരിയാനയിലെ രാഷ്ട്രീയ പ്രതിസന്ധി അറിയിക്കാൻ കോൺഗ്രസ് നേതാക്കൾ ഇന്ന് ഗവർണർ ബണ്ടാരു ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയേക്കും. എന്നാൽ സംസ്ഥാനത്ത് പ്രതിസന്ധി ഇല്ലെന്നും, പ്രതിപക്ഷം ജനങ്ങളെ തെറ്റി ദ്ധരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി നായാബ് സിങ് സെയ്‌നി പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഭൂപേന്ദർ ഹൂഡയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ,ഗവർണർ ബണ്ടാരു ദത്താത്രേയയുമായി കൂടിക്കാഴ്ചക്ക് സമയം തേടി ഇന്നലെ കത്ത് നൽകിയിരുന്നു. സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യണം എന്ന് ആവശ്യപ്പെടാനാണ് നീക്കം.

ഹരിയനയിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്നും, ഹരിയാനയിലും ഡൽഹിയിലും ബിജെപിയുടെ നാളുകൾ എണ്ണപ്പെട്ടുവെന്നും, എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു.

നയാബ് സിംഗ് സെയ്നി സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്നും ഉടൻ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല നേരത്തെ ദത്താത്രേയക്ക് കത്തയച്ചിരുന്നു. അവിശ്വസ പ്രമേയം കൊണ്ടുവന്നാൽ കോണ്ഗ്രസ്സിനെ പിന്തുണക്കുമെന്നാണ് ജെജെപിയുടെ നിലപാട്.

എന്നാൽ സർക്കാരിന് യാതൊരു പ്രതിസന്ധിയും ഇല്ലെന്നാണ് മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നി യുടെ പ്രതികരണം. മാർച്ച് 13 ന് സൈനി സർക്കാർ വിശ്വാസവോട്ട് നേടിയതിനാൽ ആറ് മാസത്തേക്ക് സാങ്കേതികമായി അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കഴിയില്ല.