Kerala

‘ക്ലാസ്മുറികളിൽ നിവർന്നിരിക്കാൻ ബുദ്ധിമുട്ടിയിരുന്ന SMA രോഗബാധിതയായ സിയാ മെഹ്റിൻ SSLCക്ക് നേടിയത് മികച്ച വിജയം’; ഏറെ സന്തോഷമെന്ന് വീണാ ജോർജ്

Spread the love

ഈ വർഷത്തെ SSLC പരീക്ഷാഫലം വ്യക്തിപരമായി ഏറെ സന്തോഷം നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ക്ലാസ്മുറികളിൽ നിവർന്നിരിക്കാനും പഠിക്കാനും ബുദ്ധിമുട്ടിയിരുന്ന SMA രോഗബാധിതയായ സിയാ മെഹ്റിൻ എന്ന മകൾ മികച്ച വിജയം നേടിയിരിക്കുകയാണ്. സിയ ഒരുപാട് പേർക്ക് പ്രചോദനമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

2023 മെയ് മാസത്തിലാണ് സർക്കാർ പദ്ധതിയുടെ ഭാഗമായി സിയക്ക് നട്ടെല്ലിന് വളവുനിവർത്തൽ സർജറി ചെയ്തത്. സർക്കാർ തലത്തിൽ SMA ബാധിതരായവർക്ക് ആദ്യമായി ഇത്തരം സർജറി ചെയ്തത് സിയക്കാണ്. നവകേരളസദസ്സിൽ കോഴിക്കോട് വെച്ച് സിയ നല്കിയ നിവേദനത്തിന്മേലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം SMA ബാധിതർക്കുള്ള സൗജന്യ മരുന്നുവിതരണം 12 വയസ്സ് വരെ നല്കാനുള്ള നടപടികൾ കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.

SMA ബാധിതരായ കുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നല്കുന്നതിനായി സർക്കാർ 2024 ഫെബ്രുവരി മാസം KARE പദ്ധതി ആവിഷ്കരിക്കുകയുണ്ടായി. സിയയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും സന്തോഷം പങ്ക് വെക്കുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങളെന്നും വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.