Sports

വാങ്കഡെയിൽ സൂര്യോദയം; അടിവീരന്മാരെ പിടിച്ചുകെട്ടി മുംബൈ

Spread the love

ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. 30 പന്തില്‍ 48 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. 17 പന്തില്‍ 35 റണ്‍സുമായി പുറത്താവാതെ നിന്ന പാറ്റ് കമ്മിന്‍സിന്റെ ഇന്നിംഗ്‌സ് നിര്‍ണായകമായി.

മറുപടി ബാറ്റിംഗില്‍ മുംബൈ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് ടീമിനെ നിര്‍ണായക വിജയത്തിലേക്ക് നയിച്ചത്.
ഇഷാന്‍ കിഷന്റെ (7 പന്തില്‍ 9) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. മാര്‍കോ ജാന്‍സന്റെ പന്തില്‍ മായങ്ക് അഗര്‍വാളിന് ക്യാച്ച്. നാലാം ഓവറില്‍ രോഹിത് ശര്‍മ (4) മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്യാച്ച് നല്‍കുകയായിരുന്നു രോഹിത്. മൂന്നാമനായി ക്രീസിലെത്തിയ നമന്‍ ധിര്‍ 9 പന്തില്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങി.
പിന്നീട് ഒത്തുചേര്‍ന്ന തിലക് വര്‍മ – സൂര്യ കൂട്ടുകെട്ടാണ് മുംബൈക്ക് വിജയം എളുപ്പമാക്കിയത്. 51 പന്തിൽ 102* റൺസാണ് സൂര്യ കുമാർ അടിച്ചെടുത്തത്. 6 കൂറ്റൻ സിക്സും 12 ബൗണ്ടറികളും സൂര്യകുമാറിന്റെ ബാറ്റിൽ നിന്നു പിറന്നു. ഉറച്ച പിന്തുണ നൽകിയ തിലക് വർമ്മ 32 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു. 82 പന്തിൽ 143 റൺസാണ് മൂന്നാ വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത്.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും പിയൂഷ് ചൗളയുമാണ് മുംബൈ ബൗളിങ് നിരയില്‍ തിളങ്ങിയത്. ജസ്പ്രീത് ബുമ്ര മൂന്നോവറില്‍ 15 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. ജയിച്ചെങ്കിലും 12 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ.