National

അഭിമന്യുവിൻ്റെ മഹാഭാരത കഥയുമായി പതഞ്ജലി കോളേജ്; ഗർഭ സംസ്കാരം ശിൽപ്പശാലയെ പിന്തുണച്ച് ആയുഷ് മന്ത്രാലയം; മിത്തും ശാസ്ത്രവും ഭിന്നമെന്ന് ഡോക്ടർമാർ

Spread the love

യോഗ ആചാര്യൻ ബാബ രാംദേവിൻ്റെ ഹരിദ്വാറിലെ പതഞ്ജലി കോളേജിൽ ഗർഭ സംസ്കാരം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ശിൽപ്പശാലയുടെ പ്രധാന പ്രായോജകർ കേന്ദ്രസർക്കാരിന് കീഴിലെ ആയുഷ് മന്ത്രാലയം. മിത്തോളജിയെ ശാസ്ത്രവുമായി കൂട്ടിക്കുഴക്കരുതെന്ന് ആയുർവേദ ഡോക്ടർമാർ തന്നെ വിമർശനം ഉന്നയിക്കുമ്പോഴാണ് കേന്ദ്രസർക്കാർ ഇതിനെയൊന്നും വകവെക്കാതെ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

ന്യൂട്രീഷൻ, സമ്മർദ്ദം കുറയ്ക്കൽ, ബന്ധങ്ങൾ ശാക്തീകരിക്കൽ, അമ്മയുടെയും കുഞ്ഞിൻ്റെയും വളർച്ച, മ്യൂസിക് തെറാപ്പി, ശിശു പരിപാലന പരിശീലനം തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന ക്ലാസുകൾ ശിൽപ്പശാലയിൽ നടക്കും. ബിഎഎംഎസ് ബിരുദധാരികളായ ആയുർവേദ ഡോക്ടർമാർക്ക് നൽകുന്ന ഗർഭ സംസ്കാർ സർട്ടിഫിക്കറ്റ് കോഴ്സിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നതെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. ഗർഭ സംസ്കാറിൻ്റെ രേഖകളിൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ രക്ഷാധികാരികളായി ബാബ രാംദേവിനെയും ആചാര്യ ബാൽകൃഷ്ണയെയുമാണ് കാണിക്കുന്നത്. ബാബ രാംദേവ്, ആചാര്യ ബാൽകൃഷ്ണ എന്നിവർ കഴിഞ്ഞ മാസം സുപ്രീം കോടതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയ സംഭവത്തിൽ മാപ്പ് പറഞ്ഞിരുന്നു.

ന്യൂട്രീഷൻ, സമ്മർദ്ദം കുറയ്ക്കൽ, ശിശു പരിപാലനം അടക്കമുള്ള വിഷയങ്ങളിൽ ക്ലാസുകൾ നൽകുന്നതിനെയല്ല മറിച്ച് അഭിമന്യുവിൻ്റെ കഥയും പുരാണ പശ്ചാത്തലങ്ങളും സംബന്ധിച്ച മിത്തോളജി ശാസ്ത്രവുമായി ബന്ധിപ്പിക്കുന്നതിനെ മാത്രമാണ് എതിർക്കുന്നതെന്നും മെഡിക്കൽ വിദഗ്ദ്ധർ പറയുന്നു. ചക്രവ്യൂഹമെന്ന യുദ്ധ മുഖത്തെ ഫോർമേഷൻ ഭേദിക്കുന്നത് എങ്ങിനെയെന്ന് ഗർഭാവസ്ഥയിലിരിക്കെ അഭിമന്യു പഠിക്കുന്നതായാണ് മഹാഭാരതത്തിലെ കഥാഭാഗം.

എന്നാൽ നാലാം മാസത്തിൽ തന്നെ ഗർഭാവസ്ഥയിലുള്ള കുഞ്ഞ് ശബ്ദങ്ങൾ തിരിച്ചറിയുമെന്നും അത് വേർതിരിച്ച് മനസിലാക്കാനുള്ള ശേഷിയൊന്നും ഒരു കുഞ്ഞിനും ആ ഘട്ടത്തിൽ ലഭിക്കില്ലെന്നുമാണ് ബെംഗളൂരുവിലെ നാഷണൽ സെൻ്റർ ഫോർ ബയോളജിക്കൽ സ്റ്റഡീസിലെ വിസിറ്റിങ് അധ്യാപകൻ ജിഎൽ കൃഷ്ണ പറയുന്നത്. കുട്ടി ജനിച്ച ശേഷം വളർച്ചയുടെ ഘട്ടത്തിലാണ് ശബ്ദം തിരിച്ചറിയുന്നത്. ഭ്രൂണത്തിന് ഇത്തരം സങ്കീർണമായ കാര്യങ്ങൾ അറിയാൻ കഴിയുമെന്നത് ഫാൻ്റസി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാകുന്നതാണ് സുപ്രീം കോടതിയിൽ അവർ ഉയർത്തിയ വാദങ്ങൾ. ആയുർവേദ-ആയുഷ് ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ 1945 ലെ ഡ്രഗ്സ് ആൻ്റ് കോസ്മെറ്റിക്സ് നിയമം ചട്ടം 170 പ്രകാരം നടപടിയെടുക്കരുതെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയ നിർദ്ദേശം സുപ്രീം കോടതിയിലും പ്രതിരോധിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ആയുർവേദിക്, സിദ്ധ, യുനാനി ഡ്രഗ്സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം നൽകിയതെന്നാണ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആയുഷ് മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി പറഞ്ഞത്.