Sports

4*400 മീറ്റർ റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ക്ക് ഒളിംപിക്സ് യോഗ്യത, പുരുഷ ടീമില്‍ 3 മലയാളികള്‍

Spread the love

ചെന്നൈ: 4*400 മീറ്റർ റിലേയിൽ പുരുഷ -വനിതാ ടീമുകൾ ഈ വര്‍ഷം നടക്കുന്ന പാരീസ് ഒളിംപിക്സിന് യോഗ്യത നേടി. മൂന്ന് മലയാളികളടങ്ങിയ പുരുഷ ടീമാണ് റിലേയില്‍ ഒളിംപിക്സ് യോഗ്യത നേടിയത്. മലയാളികളായ മുഹമ്മദ്‌ അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ്‌ അജ്മൽ എന്നിവര്‍ക്ക് പുറമെ ആരോഗ്യ രാജീവ് ആണ് പുരുഷ റിലേ ടീമിലുണ്ടായിരുന്നത്.

ഹീറ്റ്സിന്‍റെ രണ്ടാം റൗണ്ടില്‍ അമേരിക്കക്ക് (2:59.95) പിന്നില്‍ 3:3.23 രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയതാണ് ഇന്ത്യൻ പുരുഷ റിലേ ടീം പാരീസ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. മൂന്ന് ഹീറ്റ്സുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കായിരുന്നു ഒളിംപിക്സ് യോഗ്യത ഉണ്ടായിരുന്നത്.

ലോക അത്ലറ്റിക് റിലേയിലെ ഹീറ്റ്സിന്‍റെ രണ്ടാം റൗണ്ടില്‍ രണ്ടാമത് എത്തിയാണ് ഇന്ത്യൻ പുരുഷ ടീം ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. വനിതകളില്‍ രൂപാല്‍ ചൗധരി, എം ആര്‍ പൂവമ്മ, ജ്യോതിക ശ്രി ദണ്ഡി, ശുഭ വെങ്കടേശന്‍ എന്നിവരടങ്ങിയ സംഘമാണ് ഒളിംപിക്സ് യോഗ്യത നേടിയത്. ഹീറ്റ്സില്‍ ജമൈക്കക്ക്(3:28.54) പിന്നില്‍ 3:29.35 മിനിറ്റില്‍ ഓടിയെത്തിയാണ് ഇന്ത്യന്‍ വനിതാ സംഘം പാരീസ് ഒളിംപിക്സിന് ടിക്കറ്റെടുത്തത്. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11വരെ പാരീസിലാണ് ഒളിംപിക്സ്.

റിലേയിലെ പുരുഷ-വനിതാ ടീമുകള് യോഗ്യത ഉറപ്പാക്കിയതോടെ പാരീസ് ഒളിംപിക്സിന് ടിക്കറ്റെടുത്ത ഇന്ത്യൻ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളുടെ എണ്ണം 19 ആയി. ജാവലിനിലെ നിലവിലെ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര അടക്കമാണിത്. ഓഗസ്റ്റ് ഒന്നു മുതലാണ് പാരീസ് ഒളിംപിക്സിലെ അത്‌ലറ്റിക്സ് മത്സരങ്ങള്‍ തുടങ്ങുക.