കൊല്ലം ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം ജില്ലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം അഞ്ചുതെങ്ങിലും കൊല്ലം തീരദേശ മേഖലകളിലും വീടുകളിൽ വെള്ളം കയറി.
കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുന്നു. ഇന്ന് അർദ്ധരാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പൂത്തുറയിൽ ശക്തമായ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറി. ഒരു വീടിന് കേടുപാട് പറ്റിയിട്ടുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിൽ ഇന്നലെ രാത്രി 10 മണിയോടെ നേരിയ തോതിൽ കടൽ കയറിയിരുന്നു. തുടർന്ന് 3 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. പിന്നീട് കടൽ ശാന്തമാവുകയായിരുന്നു.
തൃശ്ശൂര്‍ കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം ഉണ്ടായി. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കടൽ കരയിലേക്ക് കടന്നത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് കള്ളക്കടൽ പ്രകടമായിത്തുടങ്ങിയത്. മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.