Kerala

സൂര്യയുടെ ജീവൻ കവർന്നത് അരളിയോ? പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷാംശം സ്ഥിരീകരിച്ചു

Spread the love

ഹരിപ്പാട് പള്ളിപ്പാട് സൂര്യയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ വിഷാംശം സ്ഥിരീകരിച്ചാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അരളിപ്പൂവിന്റെ വിഷമാണോ എന്ന് അറിയാനായി കെമിക്കൽ പരിശോധന നടത്തും. മൂന്ന് ദിവസത്തിനുള്ളിൽ കെമിക്കൽ ലാബിലെ പരിശോധന ഫലം ലഭിക്കും. തിങ്കളാഴ്ചയാണ് സൂര്യ സുരേന്ദ്രൻ കുഴഞ്ഞുവീണ് മരിച്ചത്.

യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയിലുടനീളം ഛർദിയുണ്ടായിരുന്നു സൂര്യയ്ക്ക്. യാത്രയ്ക്ക് മുൻപായി സൂര്യ അയൽപകത്തെ വീട്ടിൽ നിന്ന് അരളിപ്പൂവ് കഴിച്ചിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്നാകാം കാർഡിയാക് ഹെമറേജ് സംഭവിച്ചതെന്ന സംശയം സൂര്യയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ പ്രകടിപ്പിച്ചതായി കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ അഭിലാഷ് കുമാർ പറഞ്ഞു.

വഴിയിലുടനീളം സൂര്യ ഛർദിക്കുന്നുണ്ടായിരുന്നു. പക്ഷേ അത് അത്ര ഗൗരവമായെടുത്തില്ല. വിമാനത്താവളത്തിലെത്തിയ സൂര്യ രാത്രി എട്ട് മണിയോടെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്ന് പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സൂര്യ മരിക്കുന്നത്.