Kerala

താനൂർ കസ്റ്റഡി മരണം; പ്രതികളായ പൊലീസുകാരെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് CBI

Spread the love

താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണ കേസിൽ പ്രതികളായ നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ സംഘം. പുലർച്ചെ വീട്ടിലെത്തിയാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ജിനേഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജിനേഷിനെയും വിപിനെയും വള്ളിക്കുന്നിലുള്ള വീട്ടിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. അഭിമന്യുവിനെ താനൂരിൽ വെച്ചാണ് ആൽബിനെ കൊല്ലത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.

2023 ഓ​ഗസ്റ്റ് ഒന്നിനാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി മരിക്കുന്നത്. താമിർ ജിഫ്രിയുടെ ശരീരത്തിൽ മർദനമേറ്റ 21 മുറിപ്പാടുകൾ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതിൽ 19 മുറിവുകൾ മരണത്തിന് മുൻപും 2 മുറിവുകൾ മരണത്തിന് ശേഷവും സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു

ശ്വാസകോശത്തിലെ നീർക്കെട്ടാണ് മരണകാരണമെങ്കിലും ശരീരത്തിലേറ്റ അടിയാണ് ഈ നീർക്കെട്ടിന് പ്രധാന കാരണമെന്നാണ് ഫൊറൻസിക് സർജന്റെ മൊഴി. അമിത അളവിലുള്ള ലഹരി ഉപയോഗവും നീർക്കെട്ടിനു കാരണമായി. ആദ്യം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. ഈ അന്വേഷണത്തിൽ തൃപ്തരാകാത്തതിനെത്തുടർന്ന് കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്. സംഭവത്തിൽ എട്ട് പോലീസുകാരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.