National

കൊച്ചുമകൻ പിടിച്ച അശ്ലീല ക്ലിപ്പുകളില്‍ കുടുങ്ങി ദേവ ഗൗഡയുടെ ജെഡിഎസ്; അന്തംവിട്ട് കർണാടക ബിജെപി

Spread the love

ഒരു കുഞ്ഞ് പെൻഡ്രൈവ്, 2976 അശ്ലീല ദൃശ്യങ്ങൾ. ഇത് കൊളുത്തിവിട്ട രാഷ്ട്രീയ വിവാദ തീ കർണാടക രാഷ്ട്രീയത്തെ ഇളക്കിമറിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ ഈ വിവാദം ഒരു തെരഞ്ഞെടുപ്പ് ജയപരാജയത്തെ മാത്രമല്ല, ഒരു കാലത്ത് രാജ്യം ഭരിച്ചിരുന്ന പാർട്ടിയുടെ നേതൃസ്ഥാനത്ത് മുൻ പ്രധാനമന്ത്രിയുടെ പിൻഗാമിയാരാകും എന്ന ചോദ്യം കൂടെയാണ് ഉയർത്തിവിടുന്നത്. കർണാടകത്തിലെ ഹസൻ ലോക്സഭാംഗവും മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവ ഗൗഡയുടെ കൊച്ചുമകനുമായ പ്രജ്ജ്വൽ രേവണയുടെ ലൈംഗിക അഭിനിവേശം രാജ്യമാകെ വലിയ രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യമിടുന്ന എൻഡിഎയെ പോലും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഏപ്രിൽ 24 നാണ് പ്രജ്ജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട 2976 ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് ഹസ്സൻ മണ്ഡലത്തിൽ നിന്ന് പുറത്തുവവന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയായിരുന്നു ഇത്. ഈ വിവാദം എച്ച്ഡി ദേവ ഗൗഡയുടെ രണ്ട് മക്കളെ ( – എച്ച്ഡി കുമാരസ്വാമി, മൂത്ത സഹോദരൻ എച്ച്ഡി രേവണ്ണ) രണ്ട് തട്ടിലാക്കി. രാഷ്ട്രീയത്തിൽ ആർക്കാവണം ആധിപത്യം എന്നത് കൂടി ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇനി നിശ്ചയിക്കപ്പെടുക.

വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ എച്ച്ഡി കുമാരസ്വാമിയുടെ പ്രതികരണം തന്നെ ഈ വിഷയത്തിലുണ്ടാകാൻ പോകുന്ന ഉൾപ്പാർട്ടി തർക്കങ്ങളുടെയും കുടുംബകലഹത്തിൻ്റെയും നേർസൂചനയായിരുന്നു. ഉപ്പ് തിന്നതാരായാലും വെള്ളം കുടിക്കേണ്ടി വരും എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ആരാണ് ഇത് പുറത്തുവിട്ടത്, എന്തിനാണ് ഇത് ഇപ്പോൾ പുറത്തുവിട്ടത്? എന്തുകൊണ്ടാണ് ഇത് മുൻപേ പുറത്തുവിടാതിരുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ഒരു പഴയ കാര്യം ഉയർത്തിക്കൊണ്ടുവരുന്നത് എന്തിനാണ്? പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. രൂപീകരിച്ചിട്ടുണ്ടല്ലോ. തെറ്റ് ചെയ്തവർ നിയമവിധേയമായ ശിക്ഷ ഏറ്റുവാങ്ങുക തന്നെ ചെയ്യണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ജെഡിഎസ് കോർ കമ്മിറ്റി യോഗം ചേർന്ന് പ്രജ്ജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തിരുന്നു. ഏപ്രിൽ 27 ന് പ്രത്യേക അന്വേഷണ സംഘത്തിന് കർണാടകം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ കേസ് അന്വേഷണ ചുമതല നൽകി. ഇതിന് മുൻപേ തന്നെ പ്രജ്ജ്വൽ രേവണ്ണ ഫ്രാങ്ക്‌ഫർട്ടിലേക്ക് പറന്നു. ഇദ്ദേഹത്തിൻ്റെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഞായറാഴ്ചയാണ് സംഭവത്തിൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹസൻ മണ്ഡലത്തിൽ ജെഡിഎസ് സ്ഥാനാർത്ഥിയായിരുന്നു പ്രജ്ജ്വൽ രേവണ്ണ. എൻഡിഎ സഖ്യത്തിൻ്റെ ഭാഗമായി കർണാടകത്തിൽ ജെഡിഎസ് മത്സരിക്കുന്ന മൂന്ന് സീറ്റുകളിൽ ഒന്നായിരുന്നു ഇത്. മറ്റൊരു ജെഡിഎസ് സീറ്റായ മണ്ഡ്യയിൽ എച്ച്ഡി കുമാരസ്വാമിയാണ് എൻഡിഎ സ്ഥാനാർത്ഥി. ബിജെപി ദേശീയ നേതൃത്വം പ്രജ്ജ്വൽ രേവണ്ണയുടെ സ്ഥാനാർത്ഥിത്വത്തിന് പച്ചക്കൊടി വീശിയെങ്കിലും പ്രാദേശിക ബിജെപി നേതാക്കൾ ഇദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തരായിരുന്നു. മുൻ എംഎൽഎ പ്രീതം ജി ഗൗഡ സംഭവത്തിൽ പരസ്യപ്രതികരണം നടത്തിയെങ്കിലും വിഷയം തണുപ്പിക്കാനായി കുമാരസ്വാമി രംഗത്ത് വന്നിരുന്നു. പ്രീതം ഗൗഡയെ സഹോദരനെന്ന് വിശേഷിപ്പിച്ചായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. എന്നാൽ രാഷ്ട്രീയത്തിൽ സഹോദരന്മാരായിരിക്കുക അസാധ്യമെന്നായിരുന്നു പ്രീതം ജി ഗൗഡയുടെ പ്രതികരണം. ഇദ്ദേഹം പ്രജ്ജ്വൽ രേവണ്ണയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

രേവണ്ണ കുടുംബത്തിൻ്റെ മുൻ ഡ്രൈവർ കാർത്തിക്ക്, പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് ബിജെപി നേതാവും അഭിഭാഷകനുമായ ജി ദേവരാജ ഗൗഡയ്ക്ക് കൈമാറിയെന്നാണ് ആരോപണം. 2023 ലാണ് കാർത്തിക് തന്നെ വന്ന് കണ്ടതെന്നാണ് ദേവരാജ ഗൗഡ പറഞ്ഞത്. തന്റെ പക്കൽ പ്രജ്ജ്വൽ രേവണ്ണയുടെ ചില അശ്ലീല ദൃശ്യങ്ങൾ ഉണ്ടെന്നായിരുന്നു അന്ന് കാർത്തിക് പറഞ്ഞത്. പിന്നാലെ 2023 ഡിസംബറിൽ ബിജെപി അധ്യക്ഷൻ ബിവൈ വിജയേന്ദ്രക്ക് ദേവരാജ ഗൗഡ അയച്ച ഇ-മെയിൽ സന്ദേശത്തിൽ, ഹാസ്സൻ മണ്ഡലത്തിൽ ജെഡിഎസ് സ്ഥാനാർത്ഥിയെ ബിജെപി പിന്തുണയോടെ മത്സരിപ്പിച്ചാൽ ഈ വീഡിയോ ദൃശ്യങ്ങൾ ബ്രഹ്മാസ്ത്രമായി പ്രയോഗിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. 2023 നിയമസഭാ തെരഞ്ഞെടുപ്പിൽ ഹാസ്സൻ ജില്ലയിലെ ഹൊലെനർസിപുർ മണ്ഡലത്തിൽ രേവണ്ണക്കെതിരെ മത്സരിച്ച് ദേവരാജ ഗൗഡ പരാജയപ്പെട്ടിരുന്നു.

താൻ വിജയേന്ദ്രക്ക് അയച്ച ഇമെയിൽ അദ്ദേഹത്തിന് ലഭിച്ചില്ലെന്നും അത് ബൗൺസ് ബാക്കായെന്നുമാണ് ദേവരാജ ഗൗഡ പറയുന്നത്. പിന്നീട് വിജയേന്ദ്രക്ക് വാട്സ്ആപ്പ് വഴി സന്ദേശം അയച്ചെന്നും അത് വിജയേന്ദ്ര കണ്ടുവെന്ന് വ്യക്തമാകുന്ന നീല ടിക് മാർക്ക് വന്നുവെന്നും ദേവരാജ ഗൗഡ പറയുന്നു. എന്നിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. താഴേത്തട്ടിലുള്ള തന്നെ പോലുള്ള പാർട്ടി പ്രവർത്തകർക്ക് വലിയ നേതാക്കളെ ബന്ധപ്പെടാൻ ഇമെയിലും ഫോണുമൊക്കെയാണ് ആശ്രയമെന്ന് പറഞ്ഞ അദ്ദേഹം ഏപ്രിൽ 29 ന് താൻ അയച്ച സന്ദേശം എന്തായിരുന്നുവെന്നും അതിൻ്റെ ഒരു പകർപ്പ് അയക്കാനും ആവശ്യപ്പെട്ട് വിജയേന്ദ്ര ബന്ധപ്പെട്ടുവെന്നും പറയുന്നു.

എന്നാൽ കാർത്തിക്ക് പറയുന്നത് മറ്റൊരു കാര്യമാണ്. 17 വർഷത്തോളം രേവണ്ണ കുടുംബത്തിന് വേണ്ടി ജോലി ചെയ്ത താൻ ഭൂമി സംബന്ധമായ തർക്കത്തെ തുടർന്നാണ് ഇവിടുത്തെ ജോലി മതിയാക്കിയത്. പിന്നീട് ഇഞ്ചങ്ഷന് വേണ്ടി താൻ ദേവരാജ ഗൗഡയെ ബന്ധപ്പെട്ടപ്പോൾ ഈ വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് അദ്ദേഹം ആവശ്യപ്പെട്ടെന്നും അത് ജഡ്ജിക്ക് മുൻപാകെ സമർപ്പിക്കുമെന്നും ഉറപ്പ് നൽകി. ഇതേ അഭിഭാഷകനാണ് താൻ ദൃശ്യങ്ങൾ ഡികെ ശിവകുമാറിന് നൽകിയെന്ന് ആരോപിക്കുന്നതെന്നും കാർത്തിക്ക് കുറ്റപ്പെടുത്തുന്നു.

2023 ജൂണിലാണ് പ്രജ്ജ്വൽ രേവണ്ണ താനുമായി ബന്ധപ്പെട്ട വ്യാജ വാർത്തയും മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച് 86 മാധ്യമ സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കുമെതിരെ കോടതിയെ സമീപിച്ചിരുന്നു. ജൂൺ 2 ന് കോടതി പ്രജ്ജ്വലിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. അതേസമയം കർണാടക വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി പറയുന്നത് തൻ്റെ മൊബൈലിൽ ഈ വീഡിയോ ദൃശ്യങ്ങൾ ഏപ്രിൽ 25 നാണ് ലഭിച്ചതെന്നാണ്. സ്ത്രീകളുടെ മുഖം കൃത്യമായി കാണാൻ കഴിയുന്ന നൂറോളം വീഡിയോകൾ ഉണ്ടെന്നായിരുന്നു.

ജെഡിഎസ് രാഷ്ട്രീയം പ്രതിസന്ധിയിൽ

കർണാടകത്തിൽ 2004 മുതൽ തെരഞ്ഞെടുപ്പുകളിൽ കിങ് മേക്കറായിരുന്നു ജെഡിഎസ്. എന്നാൽ അടുത്ത കാലത്തായി പാർട്ടിക്ക് തങ്ങളുടെ പഴയ സ്വാധീനം നഷ്ടപ്പെട്ടു. 2023 ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 224 നിയോജക മണ്ഡലങ്ങളിൽ 19 എണ്ണത്തിൽ മാത്രമാണ് ജെഡിഎസ് മത്സരിച്ച് ജയിച്ചത്. വൊക്കലിംഗ സമുദായത്തിൻ്റെ സ്വാധീന മേഖലയായ ഓൾഡ് മൈസുരുവിൽ അവരുടെ പ്രവർത്തകരുടെ ഭാഗത്ത് വലിയ തോതിൽ കൊഴിഞ്ഞുപോക്കുണ്ടായി. ഇതോടെ ദേവ ഗൗഡയുടെ ശക്തികേന്ദ്രമായിരുന്ന ഇവിടെ ഇനി ഒറ്റയ്ക്ക് മത്സരിക്കുകയെന്നത് ജെഡിഎസിനെ സംബന്ധിച്ച് വെല്ലുവിളിയാണ്.

ജെഡിഎസിൻ്റെ അവസാനവാക്കായ എച്ച്ഡി ദേവ ഗൗഡയ്ക്ക് 91 വയസ് പ്രായമായി. അദ്ദേഹം ഇല്ലെങ്കിൽ കുടുംബത്തിലെ തർക്കങ്ങൾ പാർട്ടിയെയും പിളർത്താൻ പര്യാപ്തമാണ്. 2023 സെപ്തംബർ 27 ന് സംസ്ഥാനത്ത് ബിജെപിയുമായി ജെഡിഎസ് സഖ്യത്തിലേക്ക് എത്തിയിരുന്നു. ഈ ഘട്ടത്തിൽ ദേവ ഗൗഡ പറഞ്ഞത് പാർട്ടിയുടെ നിലനിൽപ്പ് ലക്ഷ്യമിട്ടുള്ള സഖ്യമെന്നാണ്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിക്കുകമെന്നും ന്യൂനപക്ഷങ്ങളെ കൈവെടിയില്ലെന്നും ദേവ ഗൗഡ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ടിരിക്കുന്ന വിവാദം കർണാടകത്തിൽ ജെഡിഎസിന് ഇടിവെട്ടേറ്റപ്പോൾ തലയിൽ തേങ്ങ വീണതിന് സമാനമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പിന്നാലെ വിവാദത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ കുറ്റപ്പെടുത്തിയാണ് ആദ്യം എച്ച്ഡി കുമാരസ്വാമി രംഗത്ത് വന്നത്. ഏപ്രിൽ 30 ന് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ അശ്ലീല വീഡിയോകൾ വൈറലാക്കിയത് ശിവകുമാറാണെന്ന് കുമാരസ്വാമി വിമർശിച്ചു. ഇക്കാര്യങ്ങൾ എത്ര മാസമായി ശിവകുമാറിന് അറിയാമെന്ന ചോദ്യവും അദ്ദേഹം തൊടുത്തുവിട്ടു. ഇതിനോട് രൂക്ഷമായി പ്രതികരിച്ച ഡികെ ശിവകുമാർ, ജെഡിഎസ് ഒന്നാം കുടുംബം എല്ലാ ദിവസവും കുമാരസ്വാമിയെ ഓർത്താണ് കിടക്കുന്നതെന്നും അല്ലാതെ അവർക്ക് ഉറക്കം കിട്ടില്ലെന്നും പറഞ്ഞു. വിവാദത്തിന് തീ പിടിച്ചതോടെ സംഭവത്തിൽ ബിജെപി നേതൃത്വവും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. കോൺഗ്രസ് സർക്കാർ നടപടിയെടുക്കാൻ വൈകിയത് എന്തുകൊണ്ടെന്നായിരുന്നു അമിത് ഷായുടെ കുറ്റപ്പെടുത്തൽ. തങ്ങളല്ല ഇത്തരം സംഭവങ്ങളിൽ നടപടിയെടുക്കേണ്ടത്, മറിച്ച് സംസ്ഥാന സർക്കാരാണ്. തങ്ങൾ അന്വേഷണത്തിന് ഒപ്പമാണെന്നും തങ്ങളുടെ സഖ്യകക്ഷിയായ ജെഡിഎസ് കുറ്റോരോപിതനെതിരെ നടപടി എടുത്തുവെന്നും അതി ഷാ പറഞ്ഞു.

എന്നാൽ ഹസൻ ലോക്സഭാ സീറ്റിൽ ഈ വിവാദത്തിന് യാതൊരു സ്വാധീനവും ചെലുത്താനാവില്ലെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പ്രജ്ജ്വൽ തെരഞ്ഞെടുക്കപ്പെട്ടാൽ സ്പീക്കർക്ക് അദ്ദേഹത്തെ അയോഗ്യനാക്കാൻ കഴിയില്ല. പ്രജ്ജ്വലിൻ്റെ സസ്പെൻഷനും പുറത്താക്കലും ജെഡിഎസിൻ്റെ മാത്രം വിഷയമാണെന്നും ഇനിയും പാർട്ടിയുമായി ബന്ധമില്ലാത്ത അംഗം എന്ന നിലയിൽ തന്നെ ജെഡിഎസ് പ്രജ്ജ്വലിനെ കാണുമെന്നുമാണ് സീനിയർ അഭിഭാഷകൻ ദേവദത്ത് കാമ്മത്ത് പറയുന്നത്.