അടിവീരന്മാരെ എറിഞ്ഞൊതുക്കി ചെന്നൈ; ഹൈദരാബാദിനെ വീഴ്ത്തിയത് 78 റൺസിന്
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 78 റൺസിന് തകർത്ത ചെന്നൈ 9 മത്സരങ്ങളിൽ അഞ്ച് വിജയവുമായി പോയിൻ്റ് പട്ടികയിൽ മൂന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മുന്നോട്ടുവച്ച 213 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദ് 134 റൺസ് എടുക്കുന്നതിനിടെ ഓൾ ഔട്ടായി. ചെന്നൈക്കായി തുഷാർ ദേശ്പാണ്ഡെ നാല് വിക്കറ്റ് വീഴ്ത്തി.
ഋതുരാജ് ഗെയ്ക്‌വാദ് (54 പന്തിൽ 98), ഡാരിൽ മിച്ചൽ (32 പന്തിൽ 52), ശിവം ദുബെ (20 പന്തിൽ 39) എന്നിവർ ചേർന്ന് ചെപ്പോക്കിലെ സ്ലോ പിച്ചിൽ ചെന്നൈക്ക് മികച്ച സ്കോർ സമ്മാനിച്ചു. മറുപടി ബാറ്റിംഗിൽ ഹൈദരാബാദിൻ്റെ ട്രാവിസ് ഹെഡ് (7 പന്തിൽ 13), അന്മോൾപ്രീത് സിംഗ് (0), അഭിഷേക് ശർമ്മ (9 പന്തിൽ 15) എന്നീ മുൻനിര വിക്കറ്റുകൾ പിഴുത് ദേശ്പാണ്ഡെ ചെന്നൈക്ക് മുൻതൂക്കം സമ്മാനിച്ചു. നിതീഷ് റെഡ്ഡിയെ (15 പന്തിൽ 15) ജഡേജ വീഴ്ത്തിയപ്പോൾ പിടിച്ചുനിന്ന എയ്ഡൻ മാർക്രം (26 പന്തിൽ 32) മതീഷ പതിരനയ്ക്ക് മുന്നിൽ വീണു. ഹെന്രിച് ക്ലാസൻ (21 പന്തിൽ 20) പതിരനയുടെ രണ്ടാം വിക്കറ്റായി മടങ്ങി. അബ്ദുൽ സമദ് (18 പന്തിൽ 19) ശാർദുൽ താക്കൂറിനു വിക്കറ്റ് സമ്മാനിച്ച് പുറത്തായി. പാറ്റ് കമ്മിൻസ് (7 പന്തിൽ 5) ആണ് ദേശ്പാണ്ഡെയുടെ നാലാം വിക്കറ്റ്. ഷഹബാസ് അഹ്മദ് (7), ജയ്ദേവ് ഉനദ്കട്ട് (1) എന്നിവരെ വീഴ്ത്തി മുസ്തഫിസുർ റഹ്മാൻ ഹൈദരാബാദ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.