National

വ്യാപക സംഘര്‍ഷം; ഔട്ടര്‍ മണിപ്പൂരിലെ ആറ് ബൂത്തുകളില്‍ ചൊവ്വാഴ്ച റീപോളിംഗ്

Spread the love

മണിപ്പൂരില്‍ വീണ്ടും റീപോളിങ്. സംഘര്‍ഷവും ബൂത്ത് പിടിച്ചെടുക്കലുമുണ്ടായ ഔട്ടര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ആറ് ബൂത്തുകളിലാണ് റീ പോളിംഗ് നടക്കുക. അടുത്ത ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്. ഈ മാസം 26 നടന്ന വോട്ടെടുപ്പിനിടെയാണ് സംഘര്‍ഷവും ബൂത്ത് പിടുത്തവും ഉണ്ടായത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ 11 ബൂത്തുകളിലും സംഘര്‍ഷത്തെ തുടര്‍ന്ന് റീപോളിങ് വേണ്ടിവന്നിരുന്നു.

വോട്ടെടുപ്പിനിടെ വെടിവയ്പ്പും വ്യാപക സംഘര്‍ഷവും ഉള്‍പ്പെടെ മണിപ്പൂരിലുണ്ടായിരുന്നു. അക്രമികള്‍ പോളിംഗ് സാമഗ്രികള്‍ ഉള്‍പ്പെടെ നശിപ്പിച്ചിരുന്നു. ഇവിഎമ്മുകള്‍ക്കും കേടുപാടുണ്ടായി. റീപോളിങ്ങിനായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ബൂത്തുകളില്‍ ഇന്ന് ഒരുക്കിയിരിക്കുന്നത്.

രണ്ട് ലോക്‌സഭാ മണ്ഡലങ്ങളായ ഇന്നര്‍ മണിപ്പൂരിലും ഔട്ടര്‍ മണിപ്പൂരിലും 72 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബൂത്തുകള്‍ പിടിച്ചെടുക്കുകയും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടുകയും ചെയ്തുവെന്നാരോപിച്ച് 47 പോളിങ് സ്റ്റേഷനുകളില്‍ റീപോളിങ് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.