പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍ ന്യൂനപക്ഷ സെല്‍ ചെയര്‍മാൻ അറസ്റ്റിൽ
ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ വിമർശനവുമായി ബന്ധപ്പെട്ട കേസിൽ ബിക്കാനീർ ബിജെപി മുൻ ന്യൂനപക്ഷ സെൽ ചെയർമാൻ അറസ്റ്റിൽ. സമൂഹത്തിൽ സ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റത്തിനാണ് ഉസ്മാൻ ഗനിയെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ഉസ്മാൻ ഗനിയെ അറസ്റ്റ് ചെയ്തത്. ഉസ്മാൻ ഗനിയെ നേരത്തെ ബിജെപിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് ഉസ്മാനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. മോദിക്കെതിരായ വിമര്‍ശനത്തിന്‍റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്. ഈ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ അറസ്റ്റ്.
രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന, രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിൽ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. കോൺഗ്രസ് നൽകിയ പെരുമാറ്റ ചട്ട ലംഘന പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി അധ്യക്ഷനോട് വിശദീകരണം നേടിയത്. 29 ന് രാവിലെ 11 മണിക്കുള്ളിൽ പാർട്ടി അധ്യക്ഷൻ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
ഇതിനിടെ, മന്ത്രി അനുരാഗ് താക്കൂറിന്‍റെ വിദ്വേഷ പ്രസംഗ പരാതിയിൽ നടപടിയെടുത്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട് തുറന്നു കാട്ടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുമെന്നും കോടതിയേയും സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്‍കി.