Kerala

പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച: ഇ പി ജയരാജന്‍ പാര്‍ട്ടിയ്ക്ക് നേരിട്ട് വിശദീകരണം നല്‍കും

Spread the love

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതില്‍ സിപിഐഎമ്മിന് നേരിട്ട് വിശദീകരണം നല്‍കാന്‍ ഇ പി ജയരാജന്‍. തിങ്കളാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും. ബിജെപിയിക്ക് പോകാന്‍ ശ്രമിച്ചെന്ന ആരോപണം ബിജെപി-കോണ്‍ഗ്രസ്- ജാവദേക്കര്‍ ഗൂഢാലോചനയുടെ ഫലമായുണ്ടായതാണെന്നാണ് ഇ പി ജയരാജന്റെ നിലപാട്. ഇത് സിപിഐഎം നേതാക്കളെ ഇ പി ജയരാജന്‍ ഇതിനോടകം അറിയിച്ച് കഴിഞ്ഞതായാണ് സൂചന.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച നടത്തിയതും തെരഞ്ഞെടുപ്പ് ദിവസം ഇത് സംബന്ധിച്ച് നടത്തിയ പരസ്യ പ്രസ്തവനയും പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ മാറ്റുമോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാകും. സിപിഐഎം സംഘടനാരീതി പിന്തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അത് ഉപേക്ഷിച്ച് ജയരാജനോടുള്ള അമര്‍ഷം പരസ്യമാക്കുകയും ചെയ്തു.സൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ തൊടുത്തുവിട്ട പുതിയ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇ പി ജയരാജന് വീഴ്ചയുണ്ടായി. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും. ഇന്നാരെയാണ് വഞ്ചിക്കേണ്ടത് എന്ന് ആലോചിച്ച് നടക്കുന്നവരുമായി സൗഹൃദം ഉപേക്ഷിക്കേണ്ടതാണ്. ജയരാജന്‍ ഇക്കാര്യങ്ങളില്‍ ജാഗ്രത പാലിക്കാറില്ലെന്ന് നേരത്തെ തന്നെയുള്ള അനുഭവമാണെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.