Sports

തകർത്തടിക്കേണ്ട സമയത്ത് പിടിച്ചുനിന്ന് പന്തിന്‍റെ ബാറ്റിംഗ്; ലോകകപ്പ് ടീമിൽ കണ്ണുവെച്ചെന്ന വിമർശനവുമായി ആരാധകർ

Spread the love

ഐപിഎല്ലില്‍ അടിയുടെ പൊടിപൂരം കണ്ട ഡല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചത് റിഷഭ് പന്തിന്‍റെ സ്വാര്‍ത്ഥതയോടെയുള്ള ഇന്നിംഗ്സെന്ന് വിമര്‍ശനം. ആദ്യ 51 പന്തില്‍ ഡല്‍ഹി 135 റണ്‍സടിച്ചപ്പോള്‍ അടുത്ത 64 പന്തില്‍ നേടിയത് 64 റണ്‍സ് മാത്രം. 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് തുടക്കത്തിലെ ഡേവിഡ് വാര്‍ണറെയും പൃഥ്വി ഷായെയും നഷ്ടമായെങ്കിലും ജേക് ഫ്രേസര്‍ മക്‌ഗുര്‍കും അഭിഷേക് പോറലും തകര്‍ത്തടിച്ചതോടെ വീണ്ടും പ്രതീക്ഷ നല്‍കിയിരുന്നു. പവര്‍ പ്ലേയില്‍ 88 റണ്‍സിലെത്തിയ ഡല്‍ഹിക്കായി മക്‌ഗുര്‍ക് 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.

ഏഴാം ഓവറിലെ അവസാന പന്തില്‍ മക്‌ഗുര്‍ക് പുറത്താകുമ്പോള്‍ ഡല്‍ഹി 109 റണ്‍സിലെത്തിയിരുന്നു. മക്ഗുര്‍ക് പുറത്തായശേഷം അഭിഷേക് പോറൽ തകര്‍ത്തടിച്ചതോടെ ഡല്‍ഹി എട്ടോവര്‍ പിന്നിടുമ്പോള്‍ 131-3 എന്ന നിലയിലായിരുന്നു. സാധാരണ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന റിഷഭ് പന്ത് ഇന്നതെ ട്രൈസ്റ്റൻ സ്റ്റബ്സിനെയാണ് നാലാം നമ്പറില്‍ ബാറ്റിംഗിന് വിട്ടത്. ഒമ്പതാം ഓവറില്‍ പോറല്‍ പുറത്തായശേഷം ആറാം നമ്പറിലാണ് റിഷഭ് പന്ത് ക്രീസിലെത്തിയത്. മക്‌ഗുര്‍കും പോറലും ഒരുക്കിക്കൊടുത്ത അടിത്തറയില്‍ പന്ത് ആടിത്തിമിര്‍ക്കുമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു.