National

ആദ്യഘട്ടത്തില്‍ വോട്ടിങ് ശതമാനം കുറ‍ഞ്ഞതിന് കാരണമെന്ത്, ചർച്ചയാക്കി രാഷ്ട്രീയ പാര്‍ട്ടികൾ, ആശങ്കയിൽ ബിജെപി

Spread the love

ദില്ലി : ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ വോട്ടിങ് ശതമാനം കുറ‍ഞ്ഞത് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചർച്ചയാകുന്നു. ഉത്തരേന്ത്യയിലടക്കം ആദ്യഘട്ടത്തില്‍ തരംഗം ദൃശ്യമാകാത്തതിന്‍റെ ആശങ്കയിലാണ് ബിജെപി. സാഹചര്യം വിലയിരുത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ യോഗം ചേർന്നു. ആദ്യ ഘട്ടത്തില്‍ തെര‍ഞ്ഞെടുപ്പ് നടന്ന 102 സീറ്റുകളില്‍ 2019 ല്‍ 70 ശതമാനത്തിന് അടുത്തായിരുന്നു പോളിംഗ്.

എന്നാല്‍ ഇന്നലെ രാത്രി വരെയുള്ള കണക്ക് അനുസരിച്ച് 62.37 ശതമാനമാണ് പോളിങ്. അന്തിമ കണക്കുകള്‍ വരുമ്പോൾ ഇത് 65 ശതമാനം വരെയാകുമെന്നാണ് അനുമാനം. എങ്കിലും കഴിഞ്ഞ തവണത്തെക്കാൾ അഞ്ച് ശതമാനത്തിന്റെ വ്യത്യാസമാണ് കാണുന്നത്. ഇതാണ് രാഷ്ട്രീയ കക്ഷികളിലും നിരീക്ഷകരിലും ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ബീഹാറിലെ നാലു സീറ്റുകളിൽ 48.50 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇത് 54 ശതമാനമായിരുന്നു. 2019 ല്‍ 61.88 ശതമാനം രേഖപ്പെടുത്തിയ ഉത്തരാഖണ്ഡില്‍ ഇന്നലെയുള്ളത് 54.06 ശതമാനം മാത്രം. ഉത്തരേന്ത്യൻ മേഖലകളില്‍ മുന്‍ തെരഞ്ഞെടുപ്പുകള്‍ പോലെ ആവേശം പ്രകടമാകാത്തതാണ് ബിജെപിയില്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.

രാജസ്ഥാനിലെ പത്തു സീറ്റുകളിലെങ്കിലും കടുത്ത മത്സരം ഉണ്ടെന്ന റിപ്പോർട്ടിനിടെയാണ് കാര്യമായ തരംഗം ദൃശ്യമാകാത്തത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില് രാജസ്ഥാനിലെ 25 സീറ്റുകളും തൂത്ത്‍വാരിയായിരുന്നു ബിജെപി വിജയം. എന്നാൽ റെക്കോർഡ് ഭൂരിപക്ഷം ഉണ്ടാകുമെന്ന് അവകാശപ്പെട്ടു കൊണ്ടാണ് ഈ ചർച്ച പ്രതിരോധിക്കാൻ പ്രധാനമന്ത്രി നോക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും പരാമവധി വോട്ട് ഉറപ്പിക്കാുള്ള പരിശ്രമം ഉണ്ടാകണമെന്നും ബിജെപി റാലിയില്‍ മോദി അഭ്യർത്ഥിച്ചു. എന്നാല്‍ ബിജെപി അവകാശവാദം തള്ളിയ ആർജെഡി നേതാവ് തേജസ്വി യാദവ് ബിഹാറിലേത് ഞെട്ടിക്കുന്ന ഫലമാകുമെന്ന് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന പ്രചരണം നടത്തുന്നത്. രാഹുല്‍ഗാന്ധി അഖിലേഷ് യാദവുമായി യുപിയിലും തേജസ്വി യാദവുമായി ബിഹാറിലും സംയുക്ത റാലികള്‍ നടത്തും. ഏപ്രില്‍ 26 ന് ആണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും.