‘സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല; നിമിഷങ്ങൾ മാത്രം നീളുന്ന ചടങ്ങിന് സാക്ഷിയായത് പതിനായിരങ്ങൾ
രാമനവമി ദിനത്തിൽ അയോദ്ധ്യാ രാമക്ഷേത്രത്തിൽ സൂര്യ തിലകം നെറ്റിയിലണിഞ്ഞ് രാംലല്ല. പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈ അത്യപൂർവ ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്. ഏകദേശം നാല് മിനിറ്റോളം സൂര്യാഭിഷേകം നടന്നു.
കൃത്യം 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാമവിഗ്രഹത്തിൽ പതിഞ്ഞത്. ഏഴര സെന്റീ മീറ്റർ നീളത്തിലാണ് സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ പതിച്ചത്. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
ക്ഷേത്രത്തിന്റെ ശ്രീ കോവിലിലേക്ക് സൂര്യ രശ്മികൾ നേരിട്ട് പ്രവേശിക്കാത്തതിനാൽ കണ്ണാടികളിലൂടെയും ലെൻസിലൂടെയുമാണ് രാമന്റെ നെറ്റിയിലേക്ക് സൂര്യതിലകം എത്തിച്ചത് . റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും മറ്റൊരു സ്ഥാപനത്തിലെയും ശാസ്ത്രജ്ഞരുടെ സംഘമായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്.
സൂര്യരശ്മികൾ ആദ്യം ക്ഷേത്രത്തിന്റെ മുകൾനിലയിലുള്ള കണ്ണാടിയിൽ പതിച്ചു. തുടർന്ന് അവിടെ നിന്ന് മൂന്ന് ലെൻസുകളുടെ സഹായത്തോടെ രണ്ടാം നിലയിലുള്ള മറ്റൊരു കണ്ണാടിയിലേക്ക് പതിച്ചു. ഇതിന് ശേഷമാണ് രാമന്റെ വിഗ്രഹത്തിലേക്ക് സൂര്യ കിരണങ്ങൾ പതിച്ചത്.
ശ്രീരാമന്റെ പിറവിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങുകളിൽ പ്രധാനപ്പെട്ടതാണ് സൂര്യ തിലക്. വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് രാമനവമി ആഘോഷങ്ങൾക്കായി സംസ്ഥാനം നടത്തിയത്. 100ഓളം എൽഇഡി സ്ക്രീനുകളിലൂടെയാണ് ചടങ്ങ് വിശ്വാസികൾക്ക് ക്ഷേത്രത്തിൽ ദൃശ്യമായത്.
ഹൈ ക്വാളിറ്റി കണ്ണാടികളുടേയും ലെൻസുകളുടേയും സഹായത്തോടെയാണ് സൂര്യ രശ്മികൾ പ്രതിഷ്ഠയുടെ നെറ്റിയിൽ പതിപ്പിച്ചത്.ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ രാമനവമിയുടെ ആശംസകൾ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും നേരുന്നതായി പ്രധാമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു.