Kerala

കള്ളക്കടൽ പ്രതിഭാസം; കേരളതീരത്ത് ഇന്നും നാളെയും കടലാക്രമണത്തിന് സാധ്യത

Spread the love

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഇന്നും നാളെയും കടലാക്രമണത്തിന് സാധ്യത എന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. കേരളതീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും നാളെ രാത്രി പതിനൊന്നര വരെ 0.5 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദ്ദേശം. സംസ്ഥാനത്ത് വേനൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേനൽ മഴ ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ വ്യാഴം വെള്ളി ദിവസങ്ങളിൽ കോഴിക്കോട് വയനാട് ജില്ലകളിൽ എല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.

അതേസമയം സംസ്ഥാനത്ത് കടുത്ത ചൂട് തുടരുകയാണ്. 12 ജില്ലകളിൽ ബുധനാഴ്ച വരെ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യതാപം നിർജലീകരണം തുടങ്ങിയ ഗുരുതരാരോഗ്യ പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.