Kerala

കായംകുളം സിപിഐഎമ്മിലെ വിവാദം; പ്രസന്നകുമാരി പാർട്ടി വിട്ടിട്ടില്ലെന്ന് ഏരിയ സെക്രട്ടറി

Spread the love

കായംകുളം സിപിഐഎമ്മിലെ വിവാദത്തിൽ പ്രസന്നകുമാരി പാർട്ടി വിട്ടിട്ടില്ല എന്ന് ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ. ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി യോഗത്തിൽ പ്രസന്നകുമാരി പങ്കെടുത്തു. അവർ പാർട്ടി വിട്ടിട്ടില്ല, രാജിക്കത്തും നൽകിയിട്ടില്ല എന്നും പി അരവിന്ദാക്ഷൻ പ്രതികരിച്ചു.

പ്രസന്നകുമാരി രാജിവച്ചു എന്ന വാർത്ത അറിഞ്ഞാണ് ബിഡിജെഎസ് നേതാക്കൾ വീട്ടിലെത്തിയത്. ബിജെപി നേതാക്കളും പ്രസന്നകുമാരിയെ പാർട്ടിയിലേക്ക് ക്ഷണിച്ചു. പക്ഷേ പ്രസന്നകുമാരി സിപിഐഎമ്മിൽ അടിയുറച്ചു നിൽക്കുന്നു. ബിഡിജെഎസ് നേതാക്കളുമായുള്ള ഫോട്ടോ പകർത്തിയത് പാർട്ടിയെ വെട്ടിലാക്കാനാണ് എന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി അംഗമാണ് കെഎൽ പ്രസന്നകുമാരി. 25 വർഷമായി ഏരിയ കമ്മിറ്റി അംഗമാണ്. 15 വർഷം പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. സത്യൻ കൊലപാതകത്തിലെ പാർട്ടി പങ്ക് വെളിപ്പെടുത്തിയ സിപിഐഎം നേതാവ് ബിപിൻ സി ബാബുവിന്റെ അമ്മയാണ്.

ഏരിയ കമ്മിറ്റി അംഗം കെ എല്‍ പ്രസന്ന കുമാരി, മുന്‍ ഏരിയ കമ്മിറ്റിയംഗം വി ജയചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിപിന്‍ സി ബാബു എന്നിവര്‍ രാജിവച്ചു എന്നായിരുന്നു വിവരം. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ പ്രതിഷേധിച്ചാണ് മൂവരുടേയും രാജി.

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലടക്കം ഉള്‍പ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ കെ എച്ച് ബാബുജാനെതിരെയാണ് ഏരിയ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ പരാതി. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ എതിര്‍പ്പ് പരസ്യപ്പെടുത്തിയാണ് ബി ജയചന്ദ്രന്‍ രാജി നല്‍കിയത്. യുവജന, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ വിഭാഗീയതയുണ്ട്. പാര്‍ട്ടിയിലെ ദളിത്, പിന്നോക്ക വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറുന്നു. ബാബുജാന് ഇഷ്ടമില്ലാത്തവരെ പാര്‍ട്ടിയില്‍ അടിച്ചമര്‍ത്തുന്നുവെന്നും രാജിവച്ച നേതാക്കള്‍ ആരോപിക്കുന്നു.