Top News

ഡിജിറ്റല്‍ തെളിവുകളുടെ ഡിഎന്‍എ; എന്താണ് ‘ഹാഷ് വാല്യു’

Spread the love

പല കേസുകളുടെയും അന്വേഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു വാക്കാണ് ‘ഹാഷ് വാല്യൂ’. എന്നാല്‍ ഈ ‘ഹാഷ് വാല്യു’ എന്താണെന്നോ ഇതിന്റെ പ്രാധാന്യം എന്താണെന്നോ പലര്‍ക്കും അറിയണമെന്നില്ല. കേസുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ അതിന്റെ ആധികാരികത വളരെ പ്രധാനമാണ്. കാരണം ഇത്തരം തെളിവുകളില്‍ കൃത്രിമം നടത്താന്‍ സാധ്യത കൂടുതലാണ്. ഇവിടെയാണ് സൈബര്‍ ഫൊറന്‍സിക്കിന്റെയും ഹാഷ് വാല്യൂവിന്റെയും പ്രാധാന്യം.

എന്താണ് ഹാഷ് വാല്യൂ?

കമ്പ്യൂട്ടിങ് ഡിവൈസുകളിൽ സൃഷ്ടിക്കപ്പെടുന്ന ഫയലുകളുടെ ഡിജിറ്റൽ സ്വഭാവ സവിശേഷതയാണ് ഹാഷ് വാല്യൂ. ഫോൺ, ലാപ്ടോപ്,ടാബ്ലറ്റ് അങ്ങനെ ഡിവൈസ് ഏതായാലും ഓരോ ഡിജിറ്റൽ ഫയലിന്റെയും ഇന്റഗ്രിറ്റി മനസ്സിലാക്കാനാണ് ഹാഷ് വാല്യൂ ഉപയോഗിക്കുന്നത്. അതായത് ആ ഡിജിറ്റൽ ഫയൽ ആരെങ്കിലും എഡിറ്റ് ചെയ്തിട്ടുണ്ടോ അഥവാ കൃത്രിമം നടത്തിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള മാർ​ഗം. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ശേഖരിക്കപ്പെടുന്ന ഡിജിറ്റൽ ഫയലുകൾ എപ്പോൾ വേണമെങ്കിലും പ്രത്യക്ഷമായോ അല്ലാതെയോ നശിപ്പിക്കാനോ തിരുത്താനോ, കൃത്രിമം നടത്താനോ കഴിയും. അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനുള്ള ശാസ്ത്രീയമായ മാർ​ഗമാണ് ഹാഷ് വാല്യൂ രേഖപ്പെടുത്തൽ. ഒരു രേഖ നിങ്ങൾ വായിച്ചുമനസ്സിലാക്കി താഴെ ഒപ്പിടുന്നതിന് സമാനമാണ് ഡിജിറ്റൽ രേഖകളുടെ ഹാഷ് വാല്യൂ രേഖപ്പെടുത്തുന്നത്.

എങ്ങനെയാണ് ഹാഷ് വാല്യൂ നിർണയിക്കുന്നത്?

ഒരു ഡാറ്റയെ കൃത്യമായ നമ്പറുകളുള്ള അക്ഷരങ്ങളും അക്കങ്ങളുമായി മാറ്റുന്നതിനെയാണ് ഹാഷിങ് എന്നുപറയുന്നത്. ഒരു ഡാറ്റയെ ഹാഷിങ് ഫങ്ഷനിലൂടെ കടത്തിവിട്ടാണ് ആ ഡിജിറ്റൽ ഫയലിന്റെ ഹാഷ് വാല്യൂ നിർണയിക്കുന്നത്. ഒരിക്കൽ ഹാഷ് വാല്യൂ നിർണയിച്ചു കഴിഞ്ഞാൽ അത് ആ ഫയലിന്റെ തിരിച്ചറിയൽ രേഖയായി മാറുന്നു.ഓരോ ഡിജിറ്റൽ ഫയലിന്റെയും ഹാഷ് വാല്യൂ സവിശേഷമായിരിക്കും. അതായത് മറ്റൊരു ഫയലിനും ആ ഹാഷ് വാല്യൂ ഉണ്ടാവില്ല.

ഒരു കേസിൽ ഹാഷ് വാല്യൂ മാറ്റം എങ്ങനെയാണ് നിർണായകമാവുന്നത്?

സാധാരണ​ തെളിവുകളായി ശേഖരിക്കപ്പെടുന്ന ഡിജിറ്റൽ ഉപകരണങ്ങൾ നേരിട്ട് പരിശോധിക്കാറില്ല. ഹാജരാക്കുന്ന ഉപകരണങ്ങളുടെ,അല്ലെങ്കിൽ ഫയലുകളുടെ ഹാഷ് വാല്യൂ രേഖപ്പെടുത്തിയ ശേഷം ഇവയുടെ ഡിജിറ്റൽ‌ പകർപ്പുകൾ (Clone) സൃഷ്ടിച്ച് ഇതാണ് പരിശോധിക്കുന്നത്.ഹാഷ് വാല്യൂകൾ ഒത്തുനോക്കിയ ശേഷം ഒറിജിനൽ ഫയൽ ഭദ്രമായി സൂക്ഷിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ ഹാഷ് വാല്യൂവിൽ വരുന്ന ഏതൊരു മാറ്റവും ഫയലിൽ മാറ്റം വരുത്താൻ ശ്രമിച്ചതിനുള്ള തെളിവായാണ് കണക്കാക്കുക.

ഹാഷ് വാല്യൂ മാറി എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

ഒരു ഡിജിറ്റൽ തെളിവിന്റെ ‘ഹാഷ് വാല്യൂ’ മാറിയിട്ടുണ്ടെങ്കിൽ രണ്ടു കാര്യങ്ങളിൽ ഏതെങ്കിലുമൊന്ന് തീർച്ചയായും നടന്നിരിക്കാൻ സാധ്യതയുണ്ട്: ഒറിജിനൽ ഫയൽ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു, അല്ലെങ്കിൽ, ഒറിജിനൽ ഫയൽ തന്നെ മൊത്തത്തിൽ മാറ്റപ്പെട്ടിരിക്കുന്നു. ഒരു ഫയൽ ഒരുതവണയോ പലതവണയോ തുറന്നു കണ്ടതുകൊണ്ടുമാത്രം അതിന്റെ ഹാഷ് വാല്യൂ മാറില്ല. മാത്രമല്ല , ആ ഫയൽ വേറെയെവിടേക്കെങ്കിലും പലതവണ കോപ്പി ചെയ്താലോ ഏതെങ്കിലും പ്ലെയറിൽ പല തവണ ഓപ്പൺ ചെയ്താലോ അതിന്റെ ഹാഷ് വാല്യൂ മാറില്ല.പക്ഷേ ആ ഫയലിൽ ചെറിയൊരു മാറ്റം വരുത്തിയാൽ പോലും ഹാഷ് വാല്യൂ മാറും.