മസാല ബോണ്ട് കേസിൽ ഇഡിക്ക് തിരിച്ചടി; അപ്പീൽ ഹര്‍ജിയിൽ അടിയന്തിര ഇടപെടലില്ല, നേട്ടം തോമസ് ഐസകിന്
കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് എതിരായ ഇ ഡിയുടെ അപ്പീൽ ഹര്‍ജിയിൽ കോടതിയുടെ അടിയന്തിര ഇടപെടലില്ല. തെരഞ്ഞെടുപ്പിന് ശേഷം അപ്പീലിൽ വാദം കേൾക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം മാത്രം ചോദ്യം തോമസ് ഐസകിനെ ചോദ്യം ചെയ്താൽ മതിയെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് ഇഡി അപ്പീൽ നൽകിയത്. ഈ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഇഡി യുടെ ആവശ്യം.
അപ്പീൽ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഇതിൽ അടിയന്തിര വാദം കേൾക്കേണ്ട സാഹചര്യം എന്താണെന്ന് ഇഡിയോട് ചോദിച്ചു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് പത്തനംതിട്ട മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസക് കുറ്റപ്പെടുത്തി. എന്നാൽ തോമസ് ഐസകിനെ അറസ്റ്റ് ചെയ്യാൻ ഇപ്പോൾ തീരുമാനം ഇല്ലെന്നു ഇ ഡി അറിയിച്ചു. ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇഡി വാദിച്ചു.
ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കുമെന്നും ഇഡി പറഞ്ഞെങ്കിലും, ശ്വാസം വിടാനുള്ള സമയം പോലും നൽകാതെ തുടർച്ചയായി സമൻസുകൾ അയക്കുകയാണ് ഇഡിയെന്ന് തോമസ് ഐസകിന്റെ അഭിഭാഷകൻ കുറ്റപ്പെടുത്തി. ഇഡി വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുകയാണെന്നും അദ്ദേഹം വാദിച്ചു. പത്ത് ദിവസമല്ലേ തെരഞ്ഞെടുപ്പിനുള്ളൂ പിന്നെ എന്തിനാണ് ഇത്ര തിരക്കെന്നായിരുന്നു ഇഡിയോടുള്ള കോടതിയുടെ ചോദ്യം. തെരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാൽ പോരേയെന്ന് ചോദിച്ചാണ് അപ്പീൽ ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റിയത്.
പക്ഷെ തന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് തെളിയിക്കുന്നതാണ് കോടതിവിധി എന്ന് തോമസ് ഐസക് പിന്നീട് പറഞ്ഞു. എന്താണ് ഇത്ര തിടുക്കം എന്നാണ് ഡിവിഷൻ ബെഞ്ച് ചോദിച്ചത്. ഇഡി വിവരങ്ങൾ കോടതിക്ക് കൈമാറിയത് സീൽഡ് കവറിലാണ്. എന്നിട്ടും കവറിലെ വിവരങ്ങൾ എങ്ങനെ ചോർന്നുവെന്നും അദ്ദേഹം ചോദിച്ചു.