Kerala

‘32,000 ഒന്നും വേണ്ട, വെറും പത്ത് പേരുടെ വിവരങ്ങള്‍ മതി’; കേരള സ്റ്റോറി വെല്ലുവിളിയില്‍ പ്രതിഫലം ഒരു കോടി

Spread the love

‘ദി കേരള സ്റ്റോറി’യില്‍ പരാമര്‍ശിച്ച, മുസ്ലിം യുവാക്കള്‍ പ്രണയം നടിച്ച് മതംമാറ്റി ഐഎസില്‍ ചേര്‍ത്ത പത്ത് സ്ത്രീകളുടെ വിവരങ്ങള്‍ നല്‍കിയാല്‍ ഒരു കോടി രൂപ പ്രതിഫലം നല്‍കാമെന്ന് എഴുത്തുകാരനും സോഷ്യല്‍ മിഡിയ ബ്ലോഗറുമായ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്. കേരളത്തിലെ മുസ്ലിം മതത്തില്‍ ജനിച്ച് മുസ്ലിം വിശ്വാസികള്‍ ആയി ജീവിക്കുന്ന യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ പത്ത് സ്ത്രീകളുടെ പേരും അഡ്രസും നല്‍കിയാല്‍ ഒരു കോടി രൂപ പ്രതിഫലം നല്‍കാമെന്ന് നസീര്‍ ഹുസൈന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിവാദ ചിത്രം ദി കേരള സ്‌റ്റോറി ഇറങ്ങിയപ്പോള്‍ തന്നെ നസീര്‍ ഹുസൈന്‍ ഇത്തരമൊരു ഓഫര്‍ മുന്നോട്ടുവച്ചിരുന്നു. അതിലെ സമ്മാനത്തുകയാണ് ഇത്തവണ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടുക്കി, താമരശ്ശേരി രൂപതകളെയും ക്രിസ്ത്യന്‍ യുവജനവിഭാഗമായ കെസിവൈഎമ്മിനെയും വെല്ലുവിളിക്കുകയാണെന്നും 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട പത്ത് പേരുടെയെങ്കിലും വിവരങ്ങള്‍ തന്നാല്‍ മതിയെന്നും നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് വ്യക്തമാക്കി. വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമ കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപിച്ചതിന് രൂപതകളും സംഘടനയും കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

നസീര്‍ ഹുസൈന്‍ കിഴക്കേടത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഞാന്‍ മുന്നോട്ട് വച്ച വെല്ലുവിളി, ഒന്നുകൂടി കേരളത്തിലെ ഇടുക്കി താമരശ്ശേരി രൂപതകള്‍ക്ക് മുന്നിലും ക്രിസ്ത്യന്‍ യുവജനവിഭാഗമായ കെസിവൈഎം ന്റെ മുന്നിലേക്കും വയ്ക്കുന്നു. ഇത്തവണ സമ്മാന തുക ഒരു കോടിയായി വര്‍ദ്ധിപ്പിക്കുന്നു.

കേരള സ്റ്റോറി എന്ന സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമയില്‍ പറയുന്ന പോലെ , കേരളത്തിലെ മുസ്ലിം മതത്തില്‍ ജനിച്ച് മുസ്ലിം വിശ്വാസികള്‍ ആയി ജീവിക്കുന്ന യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ പത്ത് സ്ത്രീകളുടെ പേര്, അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ഞാന്‍ ഒരു കോടി രൂപ ഓഫര്‍ ചെയ്യുന്നു. ഓര്‍ക്കുക 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും പത്ത് പേരുടെയെങ്കിലും വിവരങ്ങള്‍ തന്നാല്‍ മതി….ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍, ഈ സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമ കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപിച്ചതിന് ഇവര്‍ കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണം.