‘മനഃസാക്ഷിക്കുത്ത് തോന്നിയാല്‍ നില്‍ക്കപ്പൊറുതിയുണ്ടാകില്ല’; റിയാസ് മൗലവി കേസില്‍ ജഡ്ജിക്ക് സ്ഥലംമാറ്റം നല്‍കിയതിനെതിരെ കെ ടി ജലീല്‍
റിയാസ് മൗലവി കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ ജഡ്ജിയെ സ്ഥലംമാറ്റിയ നടപടിയെ വിമര്‍ശിച്ച് ഡോ. കെ ടി ജലീല്‍ എംഎല്‍എ. ഒളിച്ചോടുന്നത് ഭീരുക്കളാണന്നും മനസാക്ഷിക്കുത്ത് തോന്നിയാല്‍ പിന്നെ നില്‍ക്കപ്പൊറുതിയുണ്ടാകില്ലെന്നും കെ ടി ജലീല്‍ വിമര്‍ശിച്ചു. റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും കുറ്റവിമുക്തരാക്കിയ കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിന് ആലപ്പുഴയിലേക്ക് സ്ഥലംമാറ്റം നല്‍കിയ സംഭവത്തിലാണ് കെ ടി ജലീലന്റെ പ്രതികരണം.
സാധാരണ രീതിയില്‍ കോടതികളില്‍ മെയ് മാസം വേനല്‍ അവധിക്കാലത്തിന് ശേഷമാണ് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സ്ഥലംമാറ്റം നല്‍കുക. ഇതിന് വിപരീതമായാണ് കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയെ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആലപ്പുഴ ജില്ലാ ജഡ്ജിയായി ഹൈക്കോടതി സ്ഥലംമാറ്റിയത്.
റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ തള്ളിയാണ് പ്രതികളെ വെറുതെ വിട്ടത്. കേസിന്റെ ആദ്യ ഘട്ടം മുതല്‍ക്കേ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പ്രതികളുടെ ആര്‍ എസ് എസ് ബന്ധം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും ഒന്നാം പ്രതിയുടെ വസ്ത്രങ്ങളില്‍ കണ്ട രക്ത സാമ്പിളുമായി ഡി എന്‍ എ പരിശോധന നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
നിലവാരമില്ലാത്തതും, ഏകപക്ഷീയവുമായ അന്വേഷണമാണ് കേസില്‍ നടന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഒന്നാം പ്രതിയുടെതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന മുണ്ട്, ഷര്‍ട്ട് എന്നിവ പ്രതിയുടെ ഡിഎന്‍എ സാംപിളുമായി പരിശോധന നടത്തിയില്ലെന്നും കോടതി കണ്ടെത്തി. കേസിന്റെ തെളിവെടുപ്പ് സമയത്ത് പോലും വീഴ്ച ഉണ്ടായി. അതിനാല്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതിയുടെ വിധി ന്യായത്തില്‍ പറയുന്നു.