മദ്യനയ അഴിമതി; ബിആര്‍എസ് നേതാവ് കെ കവിതയെ അറസ്റ്റ് ചെയ്ത് സിബിഐ
മദ്യനയ അഴിമതി കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ അറസ്റ്റ് ചെയ്ത് സിബിഐ. ഇഡി അറസ്റ്റ് ചെയ്ത കവിത ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് ചോദ്യം ചെയ്യാന്‍ സിബിഐ കസ്റ്റഡിയിലെടുത്തത്.പിന്നാലെ അറസ്റ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു. ഈ മാസം 23വരെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരുന്നെങ്കിലും സിബിഐ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു.
തെലങ്കാനയിലെ ബിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിതയെ മാര്‍ച്ച് 15 നാണ് ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കേസാണിതെന്നും പ്രതിപക്ഷ നേതാക്കളെയാണ് കേസിലൂടെ ലക്ഷ്യമിടുന്നതെന്നും കെ കവിത പ്രതികരിച്ചു. അതേസമയം കവിത തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് ഇഡിയുടെ ആരോപണം.
കേസില്‍ കവിതയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി സിബിഐ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ചോദ്യം ചെയ്യലിന് അനുമതി ലഭിച്ചത്. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ എത്തിയാണ് കെ കവിതയെ ചോദ്യം ചെയ്തും അറസ്റ്റിലേക്ക് കടന്നതും. കേസിലെ അന്വേഷണത്തില്‍ കവിതയുടെ പങ്കില്‍ വ്യക്തത വരുത്താനായിരുന്നു സിബിഐ ശ്രമം.