കർണാടകത്തിൽ ഒരു എംപിയെ തെരഞ്ഞെടുക്കാൻ ചെലവ് 18.5 കോടി
കർണാടകത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്താൻ മണ്ഡലത്തിൽ 18.5 കോടി രൂപ ചെലവ് വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ 28 ലോക്സഭാ മണ്ഡലങ്ങളിലുമായി ആകെ 520 കോടി രൂപയാണ് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതെന്നാണ് വിവരം. 400 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ബാക്കി വരുന്ന തുക തെരഞ്ഞെടുപ്പിൻ്റെ ആകെ ചെലവാകുന്ന തുക നോക്കി നൽകാമെന്ന നിലപാടിലാണ് സർക്കാർ.
കഴിഞ്ഞവർഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ ആകെ 511 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെലവഴിച്ചത്. ഒരു നിയോജക മണ്ഡലത്തിൽ 2.2 കോടി രൂപ എന്ന കണക്കിലായിരുന്നു ഇത്. തെരഞ്ഞെടുപ്പ് നടത്തിയത് ഒരു വർഷം മുൻപ് മാത്രമാണ് എന്നതിനാൽ ഇക്കുറി ചെലവിൽ വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നതെന്നു ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
2018ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ ആകെ 394 കോടി രൂപയാണ് ചെലവായത്. മണ്ഡലത്തിൽ 1.7 കോടി രൂപ വീതം ചെലവായി. 2013 ൽ അത് മണ്ഡലത്തിൽ 65 ലക്ഷവും ആകെ ചെലവ് 160 കോടി രൂപയും ആയിരുന്നു. എന്നാൽ 2019 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ 413 കോടി രൂപ ചെലവായിരുന്നു. മണ്ഡലത്തിൽ അന്ന് ശരാശരി 14.75 കോടി രൂപ ചെലവായി. അതേസമയം 2014 ൽ ആകെ ചെലവ് 320.16 കോടിയും മണ്ഡലത്തിലെ ചെലവ് ശരാശരി 11 കോടി രൂപയും ആയിരുന്നു.
ഉദ്യാഗസ്ഥർക്ക് ശമ്പളവും പരിശീലനവും നൽകുന്നതിനാണ് കൂടുതൽ തുക ചെലവാകുന്നത്.തെരഞ്ഞെടുപ്പ് നിരീക്ഷകർക്കും, പോളിംഗ് ഉദ്യോഗസ്ഥർക്കും അവശരായ വോട്ടർമാരെ പോളിംഗിന് എത്തിക്കുന്നതിനും വാഹന സൗകര്യം ഒരുക്കാനും പോളിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനും പോളിംഗ് സ്ലിപ് അടക്കമുള്ളവ അച്ചടിക്കുന്നതിനും പണം ആവശ്യമാണ്. ഇതിനെല്ലാം പുറമേ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവും തുക ഉയരുന്നതിന് കാരണമായി. തെരഞ്ഞെടുപ്പ് ക്യാംപെയിനുകൾ നടത്തുന്നതിനും പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനും വിവിപാറ്റിനും ചെലവേറെയാണ്. 2014 ൽ സംസ്ഥാനത്ത് 4.6 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 5.4 കോടിയായി ഉയർന്നു. പോളിംഗ് ബൂത്തുകളുടെ എണ്ണം 54264(2014) ൽ നിന്ന് ഇത്തവണ 58871 ൽ എത്തി. ഇതും ചെലവ് വർദ്ധിക്കാനുള്ള കാരണമായി മാറി.