‘കേരള സ്‌റ്റോറി RSS അജണ്ട; കേരളത്തെ അപമാനിക്കാൻ ശ്രമം; കെണിയിൽ വീഴരുത് ‘; മുഖ്യമന്ത്രി പിണറായി വിജയൻ
കേരള സ്റ്റോറി സിനിമ പ്രദർശനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റോറി ആർഎസ്എസ് അജണ്ടയാണെന്നും കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ കൊണ്ടുവന്ന ഒരു കാര്യമാണെന്നും അതിന് കൂടുതൽ പ്രചാരണം കൊടുക്കുന്നതിൽ കൃത്യമായ ഉദ്ദേശങ്ങളുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഈ നാട് സാഹോദര്യത്തിന്റെ നാടാണ്. നവോത്ഥാന കാലം മുതൽ ജാതിഭേദമന്യേ വാഴുന്ന നാടാണ് കേരളം. ഈ നാടിനെ വല്ലാത്ത അവമതിപ്പ് ഉണ്ടാക്കുന്ന നാടാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ ശ്രമം ചെറുക്കേണ്ടതാണ്’ മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസ് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഹിറ്റലറുടെ ആശയം നടപ്പാക്കുന്ന രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിവാദ ചിത്രം ദി കേരള സ്റ്റോറി താമരശ്ശേരി രൂപത പ്രദർശിപ്പിച്ചു. രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായിമയിൽ ചിത്രം പ്രദർശിപ്പിച്ചു. പരമാവധി പേർ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യണമെന്നും നിർദേശം നൽകി. ദി കേരള സ്റ്റോറി ഇടുക്കി രൂപത ഇന്നലെ പ്രദർശിപ്പിച്ചു. ഇടുക്കി രൂപതയിൽ 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിലാണ് സിനിമ പ്രദർശിപ്പിച്ചത്.