technology

ടെസ്‍ലയുടെ ‘റോബോ ടാക്സി’ എത്തുന്നു; പ്രഖ്യാപനവുമായി ഇലോൺ മസ്ക്

Spread the love

ടെസ്‌ല റോബോ ടാക്‌സി അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ടെസ്‌ല പുറത്തുവിട്ടിട്ടില്ല. പൂർണമായും സ്വയം പ്രവർത്തിക്കുന്ന സെൽഫ് ഡ്രൈവിങ് കാർ ആണ് റോബോ ടാക്‌സി. ഓ​ഗസ്റ്റ് എട്ടിന് വാഹനം അവതരിപ്പിക്കുമെന്നാണ് ഇലോൺ മസ്ക് നൽകുന്ന സൂചന. എക്സിലാണ് ഇത് സംബന്ധിച്ച സൂചന മസ്ക് നൽകിയിരിക്കുന്നത്.

വർഷങ്ങളായി നിർമാണത്തിലിരിക്കുന്ന റോബോ ടാക്‌സി ടെസ്‌ലയെ സംബന്ധിച്ചിടത്തോളം വാഹനവിപണിയിൽ വലിയ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. റോബോ ടാക്‌സിയുമായി ബന്ധപ്പെട്ട് വളരെ മുമ്പ് തന്നെ മസ്‌ക് പ്രവചനങ്ങൾ നടത്തിയിരുന്നതാണ്. 2020ൽ റോബോ ടാക്സി നിരത്തിൽ എത്തുമെന്ന് അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. ഇപ്പോൾ മസ്ക് റോബോ ടാക്സിയുടെ ലോഞ്ചുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റ് വലിയ ആകാംഷ നൽകുന്നതാണ്.

നിലവിലുള്ള ടെസ്‍ലയുടെ കാറുകളിൽ സെൽഫ് ഡ്രൈവിങ് സൗകര്യങ്ങൾ ഉണ്ടെങ്കിലും അവയ്ക്ക് ഡ്രൈവറുടെ മേൽനോട്ടം ആവശ്യമാണെന്ന് കമ്പനി തന്നെ പറയുന്നുണ്ട്. പൂർണമായും സ്വയം നിയന്ത്രിക്കാൻ ഇവയ്ക്ക് കഴിയാറില്ല. എന്താണ് റോബോടാക്‌സിയിലൂടെ ടെസ്‌ല എത്തിക്കാനൊരുങ്ങുന്നതെന്ന് കാത്തിരുന്നറിയാം.