National

പടനായകൻ്റെ വിശ്വസ്തനായ തേരാളി: കോൺഗ്രസ് തളരുമ്പോഴും വളർന്ന കെസി; പുതിയ അധികാര കേന്ദ്രം

Spread the love

മുംബൈ കോൺഗ്രസ് പ്രസിഡൻ്റായിരുന്നു സഞ്ജയ് നിരുപം. ഈയടുത്താണ് ഇദ്ദേഹത്തെ പാർട്ടി പുറത്താക്കിയത്. കുറ്റം അച്ചടക്ക ലംഘനം. മുംബൈ നോർത്ത് ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ കഴിയാതെ വന്നതോടെയാണ് സഞ്ജയ് നിരുപം പൊട്ടിത്തെറിച്ചതെങ്കിലും അദ്ദേഹം ഉന്നയിച്ച കോൺഗ്രസിലെ ഉൾപ്പാർട്ടി വിഷയങ്ങളാണ് പിന്നീട് ചർച്ച ചെയ്യപ്പെട്ടത്.

കോൺഗ്രസിൽ അഞ്ച് അധികാര കേന്ദ്രങ്ങളുണ്ടെന്നായിരുന്നു സഞ്ജയ് നിരുപത്തിൻ്റെ ആരോപണം. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ, കെസി വേണുഗോപാൽ എന്നിവരാണതെന്നും സഞ്ജയ് വിമർശിച്ചിരുന്നു. രാഹുലിൻ്റെ കണ്ണും കാതുമാണ് കെസി വേണുഗോപാലെന്ന അടക്കം പറച്ചിലുകൾ ഒന്നുകൂടി പറഞ്ഞുറപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം. ഇതിനോടകം കോൺഗ്രസ് വിട്ടുപോയ പല മുതിർന്ന നേതാക്കളും രാഹുൽ ഗാന്ധിയെ കെസി വേണുഗോപാൽ നിയന്ത്രിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചിരുന്നു.

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ച കെസി വേണുഗോപാലെന്ന കെസി, കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. പിന്നീട് രാഷ്ട്രീയത്തിൽ തിളങ്ങിയ കെസി, കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ നിന്ന് ഹൈക്കമാൻ്റിൻ്റെ വിശ്വാസ്യത നേടി നേതൃ നിരയിലേക്ക് ഉയർത്തപ്പെട്ടവരിൽ പ്രധാനിയാണ്. കെ കരുണാകരനും എകെ ആൻ്റണിയുമെന്ന കോൺഗ്രസിലെ രണ്ട് അധികാര കേന്ദ്രങ്ങളെ ഇളക്കിമാറ്റാൻ ഇറങ്ങിപ്പുറപ്പെട്ട യുവാക്കളിൽ പ്രധാനിയായിരുന്നു. കെഎസ്‌യു നേതാവായിരുന്ന കെസി വേണുഗോപാലിനെ 28ാം വയസിൽ കാസർഗോഡ് നിന്ന് ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുന്നതിന് 1991 ൽ മുൻകൈയെടുത്തത് കെ കരുണാകരനായിരുന്നു. അന്ന് സിപിഎമ്മിലെ രാമണ്ണ റായിയോട് 9000 വോട്ടിന് പരാജയപ്പെട്ടെങ്കിലും ശക്തമായ മത്സരം കാഴ്ചവെക്കാൻ കെസിക്ക് സാധിച്ചു.

എന്നാൽ രാഷ്ട്രീയ ഗുരുവിനെതിരെ കെസി പരസ്യമായി പ്രതികരിച്ച് രംഗത്ത് വന്നത് 1995 ലായിരുന്നു. അന്ന് അർജുൻ സിങിനെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയ പിവി നരസിംഹ റാവുവിനെ പിന്തുണച്ച കെ കരുണാകരനെതിരെ കെസി നിശിതമായ വിമർശനം ഉയർത്തി. അതേവർഷം കരുണാകരൻ മുഖ്യമന്ത്രി പദം എകെ ആൻ്റണിക്ക് വേണ്ടി ഒഴിഞ്ഞപ്പോൾ, കോൺഗ്രസിലെ മൂന്നാം ഗ്രൂപ്പായി ഉയർന്ന യുവ നേതാക്കളുടെ ഭാഗമായി കെസി വേണുഗോപാലും മാറി. അന്ന് രമേശ് ചെന്നിത്തലയും ജി കാർത്തികേയനും എംഐ ഷാനവാസും അടക്കമുള്ളവർ ഈ ചേരിയിലുണ്ടായിരുന്നു. കോൺഗ്രസിലെ ‘തിരുത്തൽവാദികൾ’ എന്നായിരുന്നു ഇവർ സ്വയം വിശേഷിപ്പിച്ചത്. പാർട്ടിയിലെ കരുണാകരൻ്റെയും ആൻ്റണിയുടെയും സ്വാധീനത്തിനെതിരായിരുന്നു ഇവർ.

പിന്നീടങ്ങോട്ട് കെസി വേണുഗോപാലിൻ്റെ വളർച്ചയായിരുന്നു. 1996 ലും 2001 ലും 2006 ലും അദ്ദേഹം കേരള നിയമസഭയിലേക്ക് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. 2004 ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയുമായി. 2009 ൽ ലോക്സഭാ എംപിയായി ആലപ്പുഴയിൽ നിന്ന് പാർലമെൻ്റിലെത്തി. അന്ന് രണ്ടാം യുപിഎ സർക്കാരിൽ നായർ സമുദായത്തിനുള്ള പ്രത്യേക പരിഗണനയെന്ന നിലയിൽ കേന്ദ്ര സഹമന്ത്രി സ്ഥാനവും അദ്ദേഹത്തിന് കിട്ടി.

പാർട്ടി വലിയ തിരിച്ചടിയേറ്റ് അധികാരത്തിൽ നിന്ന് പുറന്തള്ളപ്പെട്ട 2014 മുതൽ കെസിയെന്ന ഇരട്ടയക്ഷരത്തിലേക്ക് കോൺഗ്രസ് മുഴുവനായി കേന്ദ്രീകരിക്കാൻ തുടങ്ങുകയായിരുന്നു. അന്ന് കോൺഗ്രസിനെ ആകെ പിന്തുണച്ച കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെസിയെ കാത്ത് ലോക്‌സഭയിലെ പാർട്ടി വിപ്പ് പദവിയെത്തി. രാഷ്ട്രീയത്തിൽ പേമാരിയും കൊടുങ്കാറ്റും വീശിയടിച്ചപ്പോഴെല്ലാം കൃത്യമായ വശം ചേർന്ന് നിലപാടെടുത്ത് കെസി ദേശീയ രാഷ്ട്രീയത്തിൽ തൻ്റെ നില ഭദ്രമാക്കുകയായിരുന്നു.

സ്കൂൾ പഠന കാലം മുതലേ കെഎസ്‌യു പ്രവർത്തകനായ കെസി, ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. കണക്കുകൂട്ടലുകളിലെ കൃത്യത കെസി രാഷ്ട്രീയത്തിലും പയറ്റിയപ്പോൾ മുന്നിൽ വീണവരിൽ അഹമ്മദ് പട്ടേലെന്ന വമ്പൻ നേതാവടക്കമുണ്ട്. പാർട്ടിക്ക് അകത്തും പുറത്തുമുള്ളവരെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന അഹമ്മദ് പട്ടേൽ പാർട്ടിയിൽ അതിശക്തനായ നേതാവായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കളുടെയും പിന്തുണ നേടി കരുത്താർജ്ജിച്ച അഹമ്മദ് പട്ടേൽ, അപ്രസക്തനായത് കെസിയുടെ വളർച്ചയോടെയായരുന്നു.

രാഷ്ട്രീയഗതി കൃത്യമായി മനസിലാക്കാൻ സാധിക്കുന്നുണ്ടെന്ന നിലയിൽ നെഹ്റു കുടുംബത്തിൻ്റെ വിശ്വാസ്യത നേടാൻ സാധിച്ചതാണ് ഇക്കാര്യത്തിൽ കെസി വേണുഗോപാലിന് നേട്ടമായത്. 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ മത്സരിച്ചാൽ അമേഠിയിൽ പരാജയം ഉറപ്പാണെന്നും അതിനാൽ രണ്ടാമതൊരു സീറ്റെന്ന നിലയിൽ വയനാട്ടിൽ മത്സരിക്കണമെന്നും രാഹുൽ ഗാന്ധിയെ വിശ്വസിപ്പിച്ചത് കെസിയായിരുന്നു. ഈ വാക്ക് വിശ്വസിച്ച് മത്സരിച്ച രാഹുൽ ഗാന്ധി വയനാട് എംപിയായി തെരഞ്ഞെടുക്കപ്പെടുകയും ഉത്തർപ്രദേശിൽ അമ്പേ പരാജയപ്പെടുകയും ചെയ്തു.

Read Also: കന്നി വോട്ടർമാർക്കായി കായിക മത്സരങ്ങൾ; കെ.അണ്ണാമലയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ഡിഎംകെ

എന്നാൽ വയനാട്ടിൽ രാഹുൽ മത്സരിച്ചത് ഹിന്ദി ഹൃദയഭൂമിയിലെ കോൺഗ്രസിൻ്റെ പരാജയത്തിന് കാരണമായെന്ന വിമർശനം പാർട്ടിക്ക് അകത്തും പുറത്തും ഒരേപോലെ ശക്തമാണ്. എന്നിട്ടും പടനായകനായ രാഹുൽ ഗാന്ധിയുടെ തേരാളി പഥത്തിലിരിക്കുന്ന കെസിക്ക് ഒന്നും വെല്ലുവിളിയായതേയില്ല. സോളാർ അഴിമതി കേസിൽ ആരോപണ വിധേയനായിട്ടും 2018 ൽ ക്രൈം ബ്രാഞ്ച് സോളാർ അഴിമതിയുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമ കേസ് ചുമത്തിയിട്ടും കെസി വേണുഗോപാലിൻ്റെ രാഷ്ട്രീയഭാവിക്ക് ഒരു പോറലുപോലുമേറ്റില്ല.

2017 ലാണ് കെസി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രാജസ്ഥാൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ അശോക് ഗെഹ്ലോട്ടിന് പകരക്കാരനായിട്ടായിരുന്നു നിയമനം. എന്നാൽ ഗെഹ്ലോട്ടിന് പകരക്കാരനാകാൻ മാത്രം കെസി വളർന്നോയെന്ന ചോദ്യം മുതിർന്ന നേതാക്കൾക്കിടയിൽ ഉയർന്നു. രാജ്യമാകെയുള്ള നേതാക്കളുമായി നേരിട്ട് ബന്ധമുള്ള ഗെഹ്ലോട്ടിൻ്റെ എഐസിസി ജനറൽ സെക്രട്ടറി പദത്തിലെ പരിചയ സമ്പത്ത് ചൂണ്ടിക്കാട്ടി നേതാക്കൾ പുരികം ചുളിച്ചു.

എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയാത്ത നേതാവ്, പുത്തൻ ആശയങ്ങളുടെ വക്താവ് തുടങ്ങി നെഹ്റു കുടുംബം കെസിയിൽ കണ്ട മികവുകൾ പലതാണ്. പുറമെ, പാർട്ടിക്കുള്ളിൽ സമാന്തര അധികാര കേന്ദ്രമായി ആ കാലത്ത് മാറിയ അഹമ്മദ് പട്ടേലിനുള്ള കൃത്യമായ സന്ദേശം കൂടിയായിരുന്നു കെസി വേണുഗോപാലിൻ്റെ സ്ഥാനക്കയറ്റം. അക്ബർ റോഡിലെ ഉപചാപക സംഘത്തിൽ കെസി ഇല്ലെന്നതും നെഹ്റു കുടുംബം പരിഗണിച്ചു. പിന്നീടങ്ങോട്ട് നെഹ്റു കുടുംബത്തിൻ്റെ അതൃപ്തിക്ക് കാരണമാകുന്ന ഒരു നീക്കവും നടത്താതെ കഠിനാധ്വാനിയെന്ന പേര് അദ്ദേഹം നേടി. തൻ്റെ മുൻഗാമികളെ പോലെ അഹമ്മദ് പട്ടേലിൻ്റെ നിഴലായി പ്രവർത്തിക്കുകയെന്ന നിലയിൽ നിന്ന് മാറി, എല്ലാ യോഗങ്ങളിലും കെസി മുടങ്ങാതെ പങ്കെടുത്തു. ഡൽഹിയിൽ മാത്രമല്ല, കേരള രാഷ്ട്രീയത്തിലും സ്വന്തമായൊരു നേതൃചേരി കെസി ഉണ്ടാക്കിക്കഴിഞ്ഞു. കെ സുധാകരൻ്റെ അതൃപ്തി വകവെക്കാതെ ജെബി മേത്തറെ രാജ്യസഭയിലേക്ക് എത്തിച്ചതടക്കം കെസി കേരളത്തിലെ കോൺഗ്രസിൽ സ്വീകരിച്ച നിലപാടുകളും പ്രധാനമാണ്.