Kerala

തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ മുഖ്യമന്ത്രി ഇന്ന് കോട്ടയത്ത്

Spread the love

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോട്ടയത്ത് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തുക. പാല അടക്കം മൂന്നിടത്താണ് മുഖ്യമന്ത്രി പ്രചാരണത്തിന് പങ്കെടുക്കുക.

കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ തലയോലപ്പറമ്പ്, പാലാ, കോട്ടയം എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കുക. ഇന്ന് രാവിലെ 10-ന് തലയോലപ്പറമ്പിലും ഉച്ചയ്ക്ക്‌ മൂന്നിന് പാലായിലും അഞ്ചിന് കോട്ടയത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനങ്ങൾ നടക്കും.

അതേസമയം അമിതാധികാര വാഴ്ചയ്ക്ക് ശ്രമിച്ചവർക്കെല്ലാം ജനം മറുപടി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. രാജ്യത്തെ രക്ഷിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശക്തി തെളിയിച്ച നിരവധി സന്ദർഭങ്ങൾ രാജ്യത്തുണ്ട്.

അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയും 2004 ൽ വാജ്പേയിയും അത് നേരിട്ട് അനുഭവിച്ചവരാണ്. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നു എന്ന് ബിജെപിക്ക് മനസ്സിലായി. അത് കൊണ്ട് നിലവിട്ട് കളിക്കാണ് ബി ജെ പി ശ്രമിക്കുന്നത്.

യു ഡി എഫ് എം പി മാരുടെ നിസ്സംഗ നിലപാട് സംഘ പരിവാറിന് സഹായകമായി. സാധാരണ കേരളത്തിൽ നിന്നുള്ള എം പി മാർ ശക്തമായി പ്രതികരിച്ച ചരിത്രമാണ് ഉള്ളത്. എന്നാൽ കഴിഞ്ഞ സഭയിൽ കേരളത്തിൽ നിന്നുള്ള 18 യു ഡി എഫ് എം പി മാർ നിശബ്ദരായിരുന്നു. സ്വന്തം പതാക വയനാട് ഒളിപ്പിച്ച് വയ്ക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത് എന്താണ്.

കോൺഗ്രസ് പതാക ഏന്തിയാൽ ലീഗ് പതാക ഉയർത്തേണ്ടി വരും. ഇത് സംഘ പരിവാർ താത്പര്യങ്ങൾക്ക് മുന്നിൽ കീഴടങ്ങലാണ്. പ്രതിപക്ഷ നേതാവ് നാണം കെട്ട രീതിയിൽ ഇതിനെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.