World

‘ഗ​സ്സയിൽ നടക്കുന്നത് എ ഐ അസിസ്റ്റഡ് വംശഹത്യ’; ഇസ്രയേൽ സൈന്യം ബോംബാക്രമണത്തിന് നിർമിത ബുദ്ധിയെ ഉപയോ​ഗിച്ചെന്ന് റിപ്പോർട്ട്

Spread the love

ഗസ്സയെ അക്ഷരാർത്ഥത്തിൽ ശവപ്പറമ്പാക്കി മാറ്റിക്കൊണ്ടിരിക്കുന്ന യുദ്ധത്തിൽ കൂട്ടക്കൊലയ്ക്കായി ഇസ്രയേൽ സൈന്യം എ ഐ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തിയെന്ന് തെളിയിക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. ബോംബാക്രമണങ്ങൾ‌ക്കുള്ള ടാർജെറ്റുകളെ കണ്ടെത്താൻ എ ഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ചുകൊണ്ടുള്ള ഡാറ്റബേസ് ഇസ്രയേൽ സൈന്യം പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ലാവെൻഡർ എന്ന് പേരുള്ള നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇസ്രേയേൽ സൈന്യം ആയിരക്കണക്കിന് ബോംബിം​ഗ് ടാർജെറ്റുകളെ കണ്ടെത്തുകയും നിരീക്ഷിക്കുകയും ഒറ്റപ്പെടുത്തുകയും ഇതുവഴി അവരെ ആക്രമിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇസ്രായേൽ-പലസ്തീനിയൻ പ്രസിദ്ധീകരണമായ +972 മാഗസിനും ഹീബ്രു-ഭാഷാ മാധ്യമമായ ലോക്കൽ കോളും അടുത്തിടെ റിപ്പോർട്ട് ചെയ്തത്.

37000ത്തോളം ടാർജെറ്റുകളുടെ ഡാറ്റാബേസ് എഐ തയാറാക്കിയിട്ടുണ്ടെന്നാണ് അൽ ജസീറയുടെ കിഴക്കൻ ജെറുസലേം റിപ്പോർട്ടർ റോറി ചാലാൻഡ്സ് പറയുന്നത്. ലാവൻഡറിന് പത്ത് ശതമാനത്തോളം പിഴക് പറ്റാനുള്ള സാധ്യത ഉണ്ടെന്നിരിക്കിലും ഹമാസ് പ്രവർത്തകരെ കണ്ടെത്താനെന്ന ന്യായം പറഞ്ഞ് ഇസ്രയേൽ സൈന്യം ഈ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചിരിക്കാമെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ഇസ്രയേൽ ഇന്റലിജൻസ് ഉദ്യോ​ഗസ്ഥൻ അൽജസീറയോട് പറഞ്ഞത്.

യുദ്ധത്തിൽ എ ഐ സാങ്കേതിക വിദ്യ ഉപയോ​ഗിക്കുന്നത് വിലക്കാൻ അധികൃതർ തയാറാകണമെന്നും ​ഗസ്സയിൽ ഇപ്പോൾ നടക്കുന്നത് എ ഐ അസിസ്റ്റഡ് വംശഹത്യയാണെന്നും ഹമിദ് ബിൻ ഖലിഫ സർവകലാശാല ഡിജിറ്റൽ ഹ്യുമാനിറ്റിക്സ് വിഭാ​ഗം ആവശ്യപ്പെട്ടു. എ ഐ ഉപയോ​​ഗിച്ച് ടാർജെറ്റുകളെ കണ്ടെത്തുന്ന പ്രക്രിയ സാധാരണക്കാരായ നിരവധി പേർ കൊല്ലപ്പെടുന്നതിനിടയാക്കിയെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യോമാക്രമണം നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് മനുഷ്യന്എ പകരം എ ഐയെ ചുമതലപ്പെടുന്നത് യുദ്ധക്കുറ്റകൃത്യമാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും ആരോപിക്കുന്നു.