National

പ്രതിപക്ഷ പാർട്ടികൾ പരാതിയും കൊണ്ട് വന്നാൽ എന്ത് ചെയ്യും? ചിന്തിച്ച് അന്തം കിട്ടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണവും നടപടികളും കൂടുതൽ ശക്തമായി മുന്നോട്ട് പോകുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് മേലെ സമ്മർദ്ദമാകുന്നു. പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം തെരഞ്ഞെടുപ്പ് കാലത്തെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വന്നാൽ എന്ത് നടപടി സ്വീകരിക്കുമെന്ന ചിന്താകുഴപ്പത്തിലാണ് കമ്മീഷൻ. സുതാര്യമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ ഈ പ്രചാരണ സമയത്തെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് താത്കാലികമായെങ്കിലും തടയിടണമെന്ന ആവശ്യം ഏത് നിമിഷവും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടേക്കുമെന്നതാണ് ഈ വിഷമസന്ധിയിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ എത്തിച്ചിരിക്കുന്നത്.

നീതിപൂർണവും നിഷ്‌പക്ഷവുമായ രീതിയിൽ അന്വേഷണം നടത്തണമെന്ന ആവശ്യം 2019 ലേത് പോലെ ഇഡിക്ക് മുന്നിൽ വെക്കാമെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെ ഒരു വഴി. എന്നാൽ ഒരു പടി കൂടി കടന്ന് മറ്റെന്തെങ്കിലും ചെയ്യാൻ സാധിക്കുമോയെന്നതും തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നു. എന്നാൽ ജുഡീഷ്യൽ നടപടി ക്രമങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൈകടത്തിയ ചരിത്രം മുൻപെങ്ങും ഇല്ലെന്നത് കമ്മീഷനെ പ്രതിരോധത്തിലാക്കുന്നുണ്ട്. നീതിപൂർവമായി തെഞ്ഞെടുപ്പ് നടത്താൻ എല്ലാ പാർട്ടികളെയും ഒരേ പോലെ കണ്ട് ഇടപെടണമെന്നാണ് കമ്മീഷൻ ആഗ്രഹിക്കുന്നതെന്നാണ് ദി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

കേന്ദ്ര ഏജൻസികളുടെ ഇപ്പോഴത്തെ ഇടപെടൽ തെരഞ്ഞെടുപ്പിനെ പ്രത്യക്ഷമായ നിലയിൽ സ്വാധീനിക്കുന്നതാണെന്നാണ് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അഭിപ്രായം. കേന്ദ്ര ഏജൻസികളോട് തെരഞ്ഞെടുപ്പിന് ശേഷം ശക്തമായ അന്വേഷണത്തിലേക്ക് കടക്കാൻ കമ്മീഷന് ആവശ്യപ്പെടാവുന്നതേയുള്ളൂവെന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്.

പല രീതിയിലാണ് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇടയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിലായി. കേസിൽ കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ ദില്ലി ഹൈക്കോടതി ഏപ്രിൽ മൂന്നിനാണ് വിധി പറയുക. മദ്യ നയ കേസിലാണ് അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിലാക്കിയത്. അതേസമയം തങ്ങളുടെ ബാങ്ക് അക്കൗണ്ടിന് മുകളിൽ ആദായ നികുതി വകുപ്പിന്റെ നടപടികളാണ് കോൺഗ്രസിനെ പൂട്ടിയിരിക്കുന്നത്. എട്ട് വ്യത്യസ്ത വർഷങ്ങളിലെ നികുതിയായി 3567 കോടി രൂപ അടക്കാനാണ് ഇതുവരെ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് തീരുന്നത് വരെ കോൺഗ്രസിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കില്ലെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്