Kerala

വിഡി സതീശനെതിരായ 150 കോടിയുടെ കോഴ ആരോപണം: അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് പരിഗണിക്കും

Spread the love

തിരുവനന്തപുരം: കെ റെയിൽ സിൽവര്‍ ലൈൻ പദ്ധതി അട്ടിമറിക്കാൻ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിനെതിരെ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വി.ഡി. സതീശൻ ഇതര സംസ്ഥാന ലോബികളിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് പി.വി. അൻവർ നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശി ഹഫീസ് വിജിലൻസ് ഡയറകർക്ക് പരാതി നൽകിയിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെ പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിൽ വിജിലൻസ് നിലപാട് ഇന്ന് കോടതിയെ അറിയിക്കും.

സിൽവർ ലൈൻ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ ഉണ്ടാകാൻ പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ കോൺഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂര്‍ എംഎൽഎ നിയമസഭയിൽ ആരോപിച്ചത്. പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐ.ടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐ.ടി ബിസിനസ് തകര്‍ന്നു പോകുമായിരുന്നുവെന്നും പറഞ്ഞ അൻവര്‍ എംഎൽഎ, കേരളത്തില്‍ നിന്നും ഓരാളെ പോലും ജോലിക്ക് കിട്ടാത്ത സ്ഥിതി ഈ പ്രദേശങ്ങളിൽ ഉണ്ടാകുമായിരുന്നു എന്നും പറഞ്ഞിരുന്നു. 2050 ആകുമ്പോള്‍ കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയതിനാലാണ് ഐ.ടി കമ്പനിക്കാര്‍ പ്രതിപക്ഷ നേതാവിന് 150 കോടി രൂപ നല്‍കിയെന്നാണ് പിവി അൻവർ ആരോപിച്ചത്.

ആരോപണം കേട്ട് ഞാൻ ചിരിക്കണോ അതോ മുഖ്യമന്ത്രിയുടെ ഗതികേട് ഓര്‍ത്ത് കരയണോ എന്നായിരുന്നു വിഡി സതീശന്റെ പരിഹാസം. ഐടി കമ്പനിക്കാർ നൽകിയ പണം മീൻ ലോറിയില്‍ ചാവക്കാട് എത്തിച്ച് അവിടെ നിന്നും ആംബുലന്‍സില്‍ കൊണ്ടു പോയെന്നും അവിടെ നിന്നും ബെംഗളുരുവിലേക്ക് കൊണ്ടു പോയെന്നുമാണ് ആരോപണം. അത് എങ്ങനെ കൊണ്ടുപോയതെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ എന്താണ് പറയേണ്ടത്? ആരോപണം ഉന്നയിച്ച ആളെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. ഇതില്‍ കൂടുതലൊന്നും അയാളില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭാ നേതാവല്ലെ? സി.പിഎം പാര്‍ട്ടിയുടെ ലീഡര്‍ അല്ലേ? ഇത്തരം ഒരു ആരോപണം നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുവാദം കൊടുത്തതില്‍ നിങ്ങളോട് എനിക്ക് സഹതാപം തോന്നുന്നുവെന്നും വിഡി സതീശൻ നിയമസഭയിൽ ആരോപണം ഉയര്‍ന്നപ്പോൾ തന്നെ മറുപടി നൽകിയിരുന്നു.