ഫാത്തിമ നസ്രിനെ ഫായിസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് ഭാര്യയോടുള്ള വിരോധം മൂലം; ബന്ധുക്കളുടെ പങ്കിലും അന്വേഷണം
മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നു. കുഞ്ഞിനെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് കുഞ്ഞിനെ മര്‍ദിക്കാന്‍ കാരണമെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പോലീസ് കസ്റ്റഡിയിലായിരുന്ന ഫയാസിന്‍റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു. ഇതിന് മുൻപ് തന്നെ കുട്ടിയെ ഫായിസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ഭാര്യയും ഇവരുടെ ബന്ധുക്കളും രംഗത്ത് വന്നിരുന്നു.
കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന അമ്മ ഷഹാനത്തിന‍്റേയും ബന്ധുക്കളെടെയും പരാതി ശരിവെക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കുട്ടി ക്രൂരമായ മര്‍ദനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. തലക്ക് കാര്യമായി പരുക്കേറ്റിരുന്നു. രക്തം കട്ടപിടിച്ച നിലയിലാണ്. തലച്ചോറിലും ക്ഷതമേറ്റിരുന്നു. വാരിയെല്ല് പൊട്ടിയതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.
നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കാളികാവ് പോലീസ് കേസെടുത്തിരിക്കുന്നത്. ഉടന്‍ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയെ മുഹമ്മദ് ഫായിസ് നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഫായിസ് നിരന്തരം ഉപദ്രവിക്കുന്നതിനാല്‍ ഭാര്യ ഷഹാനത്തും മക്കളും സ്വന്തം വീട്ടിലാണ് ഏറെ നാളായി കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ഇവരെ ഫായിസ് നിര്‍ബന്ധിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. നേരത്തെ ഫായിസിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഷഹാനത്തിനെയും കുഞ്ഞിനേയും ഉപദ്രവിച്ചിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്