സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചതിൽ നടപടി. ആഭ്യന്തര വകുപ്പിലെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയതിലാണ് നടപടി. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസർ ബിന്ദു, ഓഫീസ് അസിസ്റ്റൻറ് അഞ്ജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തുസംബന്ധിച്ച ഉത്തരവും സർക്കാർ ഇറക്കി. രേഖകൾ കൈമാറാൻ വൈകിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് നടപടി.
വിജ്ഞാപനം പുറത്തിറക്കിയിട്ടും പെർഫോമ റിപ്പോർട്ട് സിബിഐക്ക് കൈമാറിയിരുന്നില്ല. മുഖ്യമന്ത്രി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ഇമെയിൽ വഴി സർക്കാർ പെർഫോമ റിപ്പോർട്ട് കൈമാറി. പെർഫോമ റിപ്പോർട്ട് നേരിട്ട് നൽകാൻ ഡി.വൈ.എസ്.പി ഡൽഹിയിലേക്ക് പുറപ്പെടും. സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പി എസ് ശ്രീകാന്താണ് ഡൽഹിക്ക് പോകുന്നത്. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സി.ബി.ഐ കേസ് പരിഗണിക്കുക.