Kerala

ഉദിരംപൊയിലെ രണ്ട് വയസുകാരി മരിച്ചത് ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന്; തലച്ചോര്‍ ഇളകിയ നിലയിലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പിതാവ് കസ്റ്റഡിയില്‍

Spread the love

മലപ്പുറം കാളികാവ് ഉദിരംപൊയില്‍ രണ്ട് വയസുകാരി മരിച്ചത് അതി ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരുക്കാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തലയില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട്. തലച്ചോര്‍ ഇളകിയ നിലയില്‍ ആയിരുന്നു. വാരിയെല്ല് പൊട്ടിയിട്ടുണ്ട് എന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന് മുന്‍പ് തന്നെ കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു. കുഞ്ഞിന്റെ മാതാവിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്ന വിധത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുന്നത്.

കുഞ്ഞിനെ പിതാവ് ചവിട്ടിയെന്നും തുടര്‍ന്ന് കുഞ്ഞിനെ എടുത്തെറിഞ്ഞെന്നുമായിരുന്നു മാതാവിന്റെ ആരോപണം. കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസ് പൊലീസ് കസ്റ്റഡിയിലാണ്. ഉടന്‍ തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ബോധം പോയെന്ന് പറഞ്ഞായിരുന്നു പിതാവ് ഫായിസ് കുഞ്ഞിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നത്. ആശുപത്രി അധികൃകര്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.