ഉള്ളി കയറ്റുമതിക്ക് അനശ്ചിതകാല നിരോധനം: അനാവശ്യമെന്ന് കയറ്റുമതിക്കാർ
ഡൽഹി: രാജ്യത്ത് നിന്നുള്ള ഉള്ളി കയറ്റുമതി നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസർക്കാർ. രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുന്നതിനിടെ കേന്ദ്രസർക്കാരിന്റെ അപ്രതീക്ഷിത തീരുമാനമായി ഇത്. ഡിസംബറിൽ ഏർപ്പെടുത്തിയ ഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് കയറ്റുമതിക്കാരുടെയാകെ പ്രതീക്ഷ അസ്ഥാനത്താക്കി കേന്ദ്രത്തിൻ്റെ സർപ്രൈസ് നീക്കം.
ലോകത്തെ ഏറ്റവും വലിയ പച്ചക്കറി കയറ്റുമതിക്കാരാണ് ഇന്ത്യ. ഉള്ളി കയറ്റുമതിയിൽ ഏഷ്യയിൽ 50 ശതമാനം വിപണി വിഹിതവും ഇന്ത്യക്കാണ്. 2023 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2.5 ദശലക്ഷം മെട്രിക് ടൺ ഉള്ളിയാണ് ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചത്. പൊതുവിപണിയിൽ ഉള്ള വില പകുതിയായി കുറഞ്ഞ സാഹചര്യത്തിലും പുതിയ വിളവെടുപ്പ് സീസൺ ആയതിനാലും കയറ്റുമതി നിരോധനം എടുത്തുകളയുമെന്നാണ് കയറ്റുമതിക്കാർ കരുതിയത്. എന്നാൽ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാരിന്റെ അപ്രതീക്ഷിത നീക്കം.
കേന്ദ്ര സർക്കാരിൻ്റെ നടപടി അനാവശ്യമെന്നാാണ് കയറ്റുമതിക്കാരുടെ വിമർശനം. കയറ്റുമതി നിരോധനം വരുന്നതിന് മുൻപ് മഹാരാഷ്ട്രയിൽ 100 കിലോ ഉള്ളിക്ക് 4500 രൂപയായിരുന്നത്, ഇപ്പോൾ 1200 രൂപയായിട്ടുണ്ട്. മഹാരാഷ്ട്രയാണ് രാജ്യത്തെ ഏറ്റവും വലിയ ഉള്ളി ഉൽപ്പാദകർ.
മൂന്നാം വട്ടവും രാജ്യത്ത് അധികാരത്തിലെത്താൻ ശ്രമിക്കുന്ന നരേന്ദ്ര മോദി സർക്കാരിന് ഉള്ളി വിലക്കയറ്റം മൂലമുള്ള വെല്ലുവിളി ഒഴിവാക്കാനാണ് കയറ്റുമതി നിരോധനം നീട്ടിയത്. രാജ്യത്താകെ നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുന്നത്. ഏപ്രിൽ 19 നാണ് വോട്ടെടുപ്പ് ആരംഭിക്കുക.
ഇന്ത്യയിൽ നിന്നുള്ള ഉള്ളിയാണ് ബംഗ്ലാദേശ്, മലേഷ്യ, നേപ്പാൾ, യുഎഇ എന്നിവിടങ്ങളിലെ വിപണികളിൽ കൂടുതലായി വിൽക്കപ്പെടുന്നത്. ഇന്ത്യ കയറ്റുമതി നിരോധിച്ച ശേഷം ഇവിടങ്ങളിൽ ഉള്ളി വില കുത്തനെ ഉയർന്നു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉള്ളി കയറ്റുമതിയുടെ പാതിയോളം കൈയ്യാളുന്ന ഇന്ത്യയുടെ അഭാവം ചൈനയും ഈജിപ്തും പോലുള്ള രാജ്യങ്ങൾക്കാണ് നേട്ടമാകുന്നത്.