Kerala

കോട്ടയത്ത് ചൂടേറി; രണ്ടാം ഘട്ടത്തിലേക്ക് കടന്ന് തെരഞ്ഞെടുപ്പ് പ്രചാരണം

Spread the love

കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചും കൺവൻഷനുകൾ സംഘടിപ്പിച്ചുമാണ് മുന്നണികളുടെ പ്രചാരണം. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് സ്ഥനാർത്ഥികൾ കൂടുതലായും വോട്ട് തേടുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ തന്നെ പൂർത്തിയാക്കിയത് കൊണ്ട് കോട്ടയത്ത് മൂന്ന് മുന്നണികളും രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് കടന്നു. ആദ്യ ഘട്ടത്തിൽ പ്രമുഖരെ കണ്ട് പിന്തുണ തേടിയ സ്ഥാനാർത്ഥികൾ രണ്ടാം ഘട്ടത്തിൽ വോട്ടർമാരോട് നേരിട്ട് വോട്ട് ചോദിക്കുന്ന തിരക്കിലാണ്. ശക്തി കേന്ദ്രങ്ങളായ നിയോജക മണ്ഡലങ്ങളിൽ വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ്. മണ്ഡലം കൺവൻഷനുകളും ആരംഭിച്ചു.

മണ്ഡലത്തിന്റെ മുക്കിനും മൂലയിലും ആദ്യഘട്ടത്തിൽ തന്നെ ഓടിയെത്താൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥനാർത്ഥി. പൊതുസമ്മേളനങ്ങളും റോഡ് ഷോയും നടത്തിയാണ് തോമസ് ചാഴിക്കാന്റെ രണ്ടാം ഘട്ടത്തിലെ പ്രചാരണം. ആരാധനാലയങ്ങളടക്കം സന്ദർശിച്ചാണ് എൻഡിഎ സ്ഥനാർത്ഥിയുടെ പ്രചാരണം. വോട്ടർമാരെ നേരിട്ട് കാണുന്ന തിരക്കിലേക്ക് തുഷാർവെള്ളപ്പള്ളിയും കടന്നു. എൻഡിഎ കൺവൻഷനുകൾക്ക് ഇന്ന് തുടക്കമാകും.