National

മോദിയുടെ റോഡ് ഷോയിൽ കുട്ടികൾ പങ്കെടുത്ത സംഭവം; ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടീസ്

Spread the love

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂർ റോഡ് ഷോയിൽ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത സംഭവത്തിൽ ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടീസ്. ബിജെപി ജില്ലാ പ്രസിഡന്‍റ് രമേശ് കുമാറിന് കോയമ്പത്തൂർ മണ്ഡലത്തിലെ എആര്‍ഒ പി സുരേഷ് ആണ് നോട്ടീസ് അയച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കാൻ ഇടയായ കാരണം വിശദീകരിക്കണമെന്നാണ് ആവശ്യം. പ്രധാനമന്ത്രിയെ കാണാനുള്ള താത്പര്യം കാരണം കുട്ടികൾ സ്വമേധയാ വന്നതാകാമെന്ന് രമേശ് കുമാർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനിടെ വിദ്യാർത്ഥികളെ റോഡ് ഷോയിൽ പങ്കെടുപ്പിച്ച മൂന്ന് സ്കൂളുകളിൽ നിന്ന് കൂടി ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിശദീകരണം തേടി.

സംഭവത്തില്‍ ഇന്നലെ സ്‌കൂൾ മാനേജ്‍മെന്റിനെതിരെ കേസെടുത്തിരുന്നു. സായ് ബാബ വിദ്യാലയം സ്‌കൂൾ മാനേജ്‍മെന്റിനെതിരെയാണ് സായ് ബാബ കോളനി പൊലീസ് കേസെടുത്തത്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസരുടെ പരാതിയിലാണ് നടപടി. ജില്ലാ കളക്ടറും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. തൊഴിൽ-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ റിപ്പോര്‍ട്ട് തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് കളക്ടർ വ്യക്തമാക്കിയത്. സ്കൂളിലെ പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കാൻ മുഖ്യ വിദ്യാഭ്യാസ ഓഫീസറും ഉത്തരവിട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികൾക്കൊപ്പം റാലിയിൽ പങ്കെടുത്ത അധ്യാപകര്‍ക്കെതിരെയും നടപടിക്ക് സ്കൂൾ മാനേജ്മെന്റിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികൾ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. പിന്നാലെ അന്വേഷണം തുടങ്ങുകയായിരുന്നു. ശ്രീ സായി ബാബ എയ്‌ഡഡ് മിഡിൽ സ്കൂളിലെ 50-തോളം കുട്ടികൾ യൂണിഫോം ധരിച്ച് റോഡ് ഷോയിൽ നിൽക്കുന്ന ദൃശ്യങ്ങൾ മാധ്യമപ്രവർത്തക എക്സിൽ പോസ്റ്റ്‌ ചെയ്തിരുന്നു.

കോയമ്പത്തൂരിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് ആദ്യം അനുമതി നിഷേധിച്ചു. പിന്നീട് ബിജെപി നേതൃത്വം ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ച് റോഡ് ഷോയ്ക്ക് അനുമതി വാങ്ങുകയായിരുന്നു. നിബന്ധനകളോടെയാണ് അനുമതിയെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളും പരീക്ഷകളും ചൂണ്ടിക്കാട്ടിയായിരുന്നു കോയമ്പത്തൂർ പൊലീസ് അനുമതി നിഷേധിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് നൽകിയ ഹർജിയിലാണ് റോഡ് ഷോ അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടത്.