Kerala

ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് മരിച്ച വിദ്യാർത്ഥി അനന്തുവിൻ്റെ സംസ്കാരം ഇന്ന്

Spread the love

തിരുവനന്തപുരം വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് മരിച്ച വിദ്യാർത്ഥി അനന്തുവിൻ്റെ സംസ്കാരം ഇന്ന്. സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വീടിന് സമീപമുള്ള ശ്മശാനത്തിൽ നടക്കും. രാവിലെ എട്ട് മണിക്ക് അനന്തു പഠിച്ച കോളജിൽ പൊതുദർശനത്തിന് വെക്കും. അതിനുശേഷമായിരിക്കും വീട്ടിലേക്ക് മൃതദേഹം എത്തിക്കുക. അതേസമയം അപകടത്തിനെതിരെ ഇന്നും നാട്ടുകാർ പ്രതിഷേധിക്കും.

നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന അനന്തു ഇന്നലെയാണ് മരിച്ചത്. രാവിലെ 8 മണിയോടെ മുക്കോല-ബാലരാമപുരം റോഡിൽ മണലിവിള മുള്ളുമുക്കിലാണ് അപകടം നടന്നത്. കോളജിൽ പോകാനായി ബാലരാമപുരത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അനന്തു. എതിർ ദിശയിൽ നിന്നുവരികയായിരുന്ന ലോറിയിൽ അമിതമായി കരിങ്കല്ലു കയറ്റിയിരുന്നു.

അതിൽനിന്നു തെറിച്ചുവന്ന വലിയകല്ല് അനന്തുവിന്റെ തലയുടെ മുൻഭാഗത്ത് ഇടിച്ച് നെഞ്ചിൽ പതിച്ചശേഷം സ്കൂട്ടറിന്റെ ഹാൻഡിലിൽ വീഴുകയായിരുന്നു. അതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ മതിലിൽ ഇടിച്ചു മറിഞ്ഞു. അദാനി തുറമുഖത്തിനായി ടെട്രാപോഡ് നിർമ്മിക്കുന്ന കേന്ദ്രത്തിനു മുന്നിലെ റോഡിലെ കുഴിയിൽ വീണപ്പോഴാണ് ലോറിയിൽ നിന്നു കരിങ്കല്ല് തെറിച്ചത്. 20 കിലോഗ്രാമോളം ഭാരമുള്ള കല്ലിന്റെ വീഴ്ചയിൽ അനന്തുവിന്റെ ഹെൽമെറ്റ് തകർന്നു. നെഞ്ചിന്റെ ഭാഗത്തെ എല്ലുകൾ പൊട്ടുകയും ഹൃദയം, കരൾ അടക്കമുള്ള ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടോടെ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ മെഡിക്കൽ കോളജിൽ വച്ച് പൂർത്തിയാക്കിയിരുന്നു. അതേസമയം അപകടത്തിനെതിരെ ഇന്നും നാട്ടുകാർ പ്രതിഷേധിക്കും. അനന്തുവിൻ്റെ കുടുംബത്തിന് അർഹമായ സഹായം നൽകുക, ജനത്തിൻ്റെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. പ്രതിഷേധക്കാരുമായി ജില്ലാ കളക്ടർ ചർച്ച നടത്തിയേക്കും.